കൊച്ചി:
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ അനുമതി. ഡി.ജി.പിയുടെയും സ്പെഷൽ പ്രോസിക്യൂട്ടറുടെയും ശിപാർശ സർക്കാർ അംഗീകരിച്ചു. ക്രിസ്മസ് അവധിക്ക് ശേഷം ഹൈകോടതയിൽ അപ്പിൽ നൽകും.
ഡിജിറ്റൽ തെളിവുകൾ വിചാരണ കോടതി തള്ളിയത് നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് പ്രോസിക്യൂഷൻ വാദം. വിധി പകർപ്പ് പൂർണമായി വായിച്ചു പഠിച്ചതിനുശേഷമാണ് അപ്പീൽ നൽകാനുള്ള തീരുമാനത്തിലെത്തിയത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂട്ടറും സ്പെഷൽ പ്രോസിക്യൂട്ടറും നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ അപ്പീൽ പോകുമെന്ന് നേരത്തെ തന്നെ സർക്കാർ അറിയിച്ചിരുന്നു. ഏകദേശം 1500ഓളം പേജുകൾ വരുന്നതാണ് വിധിപ്പകർപ്പ്. പ്രധാനപ്പെട്ട ഡിജിറ്റൽ തെളിവുകൾ പരിഗണിക്കാതെ നിസാരമായി തള്ളിക്കളയുകയായിരുന്നു എന്ന വാദമാണ് അപ്പീലിൽ പ്രധാനമായും ഉന്നയിക്കുന്നത്.
എട്ടാംപ്രതി ദിലീപിനെയടക്കമുള്ളവരെ വെറുതെ വിട്ട നടപടിയും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ ആറു പ്രതികളെയും 20 വർഷം കഠിന തടവിനാണ് ശിക്ഷിച്ചത്. പ്രതികള്‍ ഗൂഢാലോചനയുടെ തുടര്‍ച്ചയായി കൂട്ടായാണ് കുറ്റകൃത്യം ആസൂത്രണംചെയ്ത് നടപ്പാക്കിയതെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിച്ചത്.
പ്രതികള്‍ക്ക് 20 വര്‍ഷത്തിലേറെ തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാവും. തടവുശിക്ഷക്ക് പുറമെ ഒന്നാംപ്രതി 3,25,000 രൂപയും രണ്ടാംപ്രതി 1,50,000 രൂപയും മൂന്ന് മുതല്‍ ആറ് വരെ പ്രതികള്‍ 1,25,000 രൂപ വീതവും പിഴ അടക്കാനും നിര്‍ദേശമുണ്ട്. പിഴ അടച്ചില്ലെങ്കില്‍ അധികതടവ് അനുഭവിക്കണം.
അതിജീവിതയെ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്നും അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചെ ആരോപണത്തിൽ തെളിവില്ലെന്നുമാണ് വിധിന്യായത്തിലുള്ളത്. അവസരങ്ങൾ നിഷേധിച്ചതിന് ഏതെങ്കിലും സംഭവങ്ങൾ എടുത്തുപറയാൻ നടിക്ക് സാധിച്ചിട്ടില്ല. മലയാള സിനിമയിൽനിന്ന് പുറത്താക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് കൃത്യമായ സാക്ഷിമൊഴികളോ തെളിവുകളോ ഇല്ല. വർഷം രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിച്ചിരുന്നതായി നടി തന്നെ മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ആരോപണം വിശ്വാസയോഗ്യമല്ല.
ദിലീപ് ഭീഷണിപ്പെടുത്തിയെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന് വിധിപ്രസ്താവത്തിൽ പറയുന്നു. കാവ്യയുമായി ദിലീപിന് ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജു വാര്യരോട് അത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നായിരുന്നു അതിജീവിതയുടെ മൊഴി. തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. എന്നാൽ ഇതിന് സാക്ഷികളില്ല. ഇതേക്കുറിച്ച് നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നും വിധിന്യായത്തിൽ പറയുന്നു. അതിജീവിതക്ക് പിന്തുണയുമായി സിനിമ മേഖലയിലെ തന്നെ ഒരുപാട്പേർ രംഗത്തുവന്നിട്ടുണ്ട്.

Post a Comment