തിരുവനന്തപുരം:
രാജ്യത്ത് ക്രൈസ്തവർക്ക് നേരെ ആക്രമണം വ്യാപിക്കുന്നതിനിടെ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ആക്രമണം നടത്തുന്നവർക്ക് വട്ടാണെന്നും അത്തരം അതിക്രമങ്ങളിൽ ബിജെപിക്ക് ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം പറഞ്ഞു. 1.4 ബില്യൺ ഇന്ത്യക്കാരിൽ ചിലർ തെറ്റെല്ലാം ചെയ്യുമെന്നും അതെല്ലാം ഞങ്ങളുടെ തലയിൽ വെച്ച് കെട്ടിവെക്കുന്ന പൊളിറ്റിക്സാണ് കോൺഗ്രസും സിപിഎമ്മും ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ രാഷ്ട്രീയ അവസരമാക്കി മാറ്റാതെ കേസ് ഫയൽ ചെയ്യണം.മെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.


‘1.4 ബില്യൺ ഇന്ത്യക്കാർ ഉള്ള ഈ രാജ്യത്തിൽ ചില കാര്യങ്ങളെല്ലാം നടക്കും. ചില വട്ടുള്ള ആൾക്കാർ ഉണ്ടാകും. ചിലർ തെറ്റെല്ലാം ചെയ്യും. അതെല്ലാം ഞങ്ങളുടെ തലയിൽ വെച്ച് കെട്ടിവെക്കുന്ന ഒരു പൊളിറ്റിക്സാണ് കോൺഗ്രസും സിപിഎമ്മും ചെയ്യുന്നത്. ഇനിയിപ്പോ ആരെങ്കിലും ഭരണഘടനക്ക് എതിരെ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കണം. അതല്ലേ ഫാക്ട്? അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിനെ വിവാദമാക്കുകയോ പൊളിറ്റിക്കൽ അവസരമാക്കി മാറ്റുകയോ അല്ല ചെയ്യേണ്ടത്. അവർക്കെതിരെ കേസ് ഫയൽ ചെയ്യണം’ -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യവ്യാപകമായി ക്രിസ്ത്യാനികൾക്ക് നേരെ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ്ദളിന്റെയും നേതൃത്വത്തിൽ നിരവധി അക്രമപരമ്പരകളാണ് അരങ്ങേറിയത്. ക്രിസ്മസ് രാവിലും സംഘ്പരിവാർ അനുകൂലികളുടെ ആക്രമണം തുടർന്നു. ഡൽഹിയിലെ ലജ്പത് നഗറിൽ ക്രിസ്മസ് ആഘോഷത്തിനിടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളെ സംഘ്പരിവാർ സംഘടനയായ വി.എച്ച്.പിയുടെ യുവജനവിഭാഗമായ ബജ്രംഗ്ദൾ സംഘം അധിക്ഷേപിച്ചു. ആഘോഷം തടഞ്ഞ് തെരുവിൽനിന്ന് ഇവരെ ആട്ടിയോടിച്ചു.

നൽബാരിയിലെ പാനിഗാവിലുള്ള സെന്റ് മേരീസ് സ്കൂളിൽ അതിക്രമിച്ച് കയറിയ വിശ്വ ഹിന്ദു പരിഷത്, ബജ്‌റംഗ്ദൾ സംഘം ജയ് ശ്രീ റാം മുഴക്കി ക്രിസ്മസ് അപ്പൂപ്പനടക്കമുള്ള അലങ്കാരങ്ങൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂർ മാഗ്നെറ്റോ മാളിൽ ബജ്‌റംഗ്ദൾ നേതൃത്വത്തിൽ 30അംഗ സംഘം ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ചു.

ഡൽഹിയിലെ ലജ്പത് നഗറിൽ സാന്താക്ലോസ് തൊപ്പികൾ ധരിച്ച് ക്രിസ്മസ് ആഘോഷിക്കുന്ന വിശ്വാസികളെ, മതപരിവർത്തനം നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് ഇവർ അധിക്ഷേപിച്ചത്. "നിങ്ങളുടെ സ്വന്തം വീടുകളിൽ ആഘോഷിക്കൂ" എന്ന് ആക്രോശിച്ചാണ് ബജ്രംഗ്ദൾ പ്രവർത്തകർ ആഘോഷം തടഞ്ഞത്

 

Post a Comment

أحدث أقدم