ന്യൂഡൽഹി:
ഹമാസ് മുൻ മേധാവി ഇസ്മാഈൽ ഹനിയ്യയെ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് താൻ കണ്ടിരുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽവെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹം കൊല്ലപ്പെട്ടതായി അറിഞ്ഞതെന്നും ഡൽഹിയിൽ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെ ഗഡ്കരി വിവരിച്ചു.
‘പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഞാൻ ഇറാനിൽ പോയത്. ചടങ്ങിന് മുമ്പ്, തെഹ്‌റാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വിവിധ രാഷ്ട്ര തലവൻമാരും പ്രതിനിധികളും ചായ സത്കാരത്തിൽ അനൗപചാരികമായി ഒത്തുകൂടിയിരുന്നു. രാഷ്ട്രത്തലവൻ അല്ലാത്ത ഒരാൾ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ ആയിരുന്നു. ഞാൻ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റിനും ചീഫ് ജസ്റ്റിസിനുമൊപ്പം അദ്ദേഹം സത്യപ്രതിജ്ഞ ചടങ്ങിന് പോകുന്നത് ഞാൻ കണ്ടു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ഞാൻ എന്റെ ഹോട്ടലിലേക്ക് മടങ്ങി. പുലർച്ചെ 4 മണിയോടെ ഇന്ത്യയിലെ ഇറാനിയൻ അംബാസഡർ എന്റെ അടുത്ത് വന്ന് ഉടൻ ഇവിടെനിന്ന് പോകണമെന്ന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞാൻ ചോദിച്ചു, ഹമാസ് മേധാവി കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി, അതെങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചു. തനിക്ക് ഇതുവരെ അറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്’ -ഗഡ്കരി കൂട്ടിച്ചേർത്തു.
2024 ജൂലൈ 31 ന് പുലർച്ചെ 1.15 ഓടെയാണ് ഹനിയ കൊല്ലപ്പെട്ടത്. ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) മേൽനോട്ടത്തിൽ അതീവ സുരക്ഷയുള്ള ഒരു സൈനിക സമുച്ചയത്തിലാണ് ഹനിയ താമസിച്ചിരുന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു.
ഹമാസ് നേതാവ് എങ്ങനെ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ‘ചിലർ പറയുന്നത് മൊബൈൽ ഫോൺ ഉപയോഗിച്ചതിനാലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന്. ചിലർ പറയുന്നത് മറ്റൊരു വിധത്തിലാണ് സംഭവിച്ചതെന്ന്’ -അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ശക്തമാണെങ്കിൽ മറ്റൊരു രാജ്യത്തിനും അതിൻമേൽ കൈ വയ്ക്കാൻ കഴിയില്ലെന്നും ഗഡ്കരി പറഞ്ഞു. ഇതിന് ഉദാഹരണമായി ഇസ്രായേലിനെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. സാങ്കേതിക വൈദഗ്ധ്യത്തിലൂടെയും സൈനിക ശേഷിയിലൂടെയും ആഗോള സ്വാധീനം ഉറപ്പിച്ച ഒരു ചെറിയ രാഷ്ട്രമാണിതെന്ന് അദ്ദേഹം പറഞ്ഞു.

إرسال تعليق