രാമന്തളി സെന്റർ വടക്കുമ്പാട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കലാധരൻ, മകൾ, കലാധരന്റെ അമ്മ ഉഷ.
പയ്യന്നൂർ:
ദമ്പതികൾ തമ്മിലുള്ള തർക്കം രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകത്തിലും രണ്ട് പേരുടെ ആത്മഹത്യയിലും കലാശിച്ചതിന്റെ നടുക്കത്തിലാണ് രാമന്തളിക്കാർ. രാമന്തളി സെന്റർ വടക്കുമ്പാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടിൽ ഉഷ (56), മകൻ പാചകത്തൊഴിലാളി കലാധരൻ (36), കലാധരന്റെ മക്കളായ ഹിമ (ആറ്), കണ്ണൻ (രണ്ട്) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഒമ്പതോടെയാണ് ഇവരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയശേഷം കലാധരനും അമ്മ ഉഷയും തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു. കുടുംബപ്രശ്നമാണ് മരണത്തിന് കാരണം. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടുമക്കളെയും അമ്മക്കൊപ്പം പോകാൻ കോടതി വിധിയുണ്ടായിരുന്നു. തുടർന്ന് കലാധരന്റെ ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ രാത്രി ഉഷയുടെ ഭർത്താവായ ഓട്ടോ ഡ്രൈവർ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ചനിലയിലും വീട്ടിനു മുന്നിൽ കത്ത് എഴുതിവെച്ചതായും കണ്ടു. തുടർന്ന് കത്തുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഉടൻ പൊലീസെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച
നിലയിലും രണ്ടുമക്കൾ നിലത്ത് മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തിയത്. പയ്യന്നൂർ ഡിവൈ.എസ്.പി കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ്, നടപടി പൂർത്തിയാക്കി മൃതദേഹങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment