കണ്ണൂർ: ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍-ബി ക്ലാസ് ലൈസന്‍സ് നൽകുന്നതിന് കൈക്കൂലി വാങ്ങിയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥ അറസ്റ്റില്‍. പാനൂര്‍ ചെണ്ടയാട് നിള്ളങ്ങലിലെ തെണ്ടങ്കണ്ടിയില്‍ മഞ്ജിമ പി. രാജുവിനെയാണ് (48) ബുധനാഴ്ച രാവിലെ 6.30ഓടെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍വെച്ച് കണ്ണൂര്‍ വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ടാണ് മഞ്ജിമ.
ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍-ബി ക്ലാസ് ലൈസന്‍സിനായി കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി ഓണ്‍ലൈനായി ഡിസംബർ 10ന് അപേക്ഷ നൽകിയിരുന്നു. ചുമതലയുള്ള മഞ്ജിമ അപേക്ഷകനെ ഫോണിൽ വിളിച്ചും വാട്സ്ആപ് ചാറ്റ് വഴിയും 6,000 രൂപ കൈക്കൂലി നൽകിയാൽ മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളൂവെന്ന് പറയുകയായിരുന്നു. തുടർന്ന്, പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിച്ചു.
തിരുവനന്തപുരത്തുനിന്ന് ബുധനാഴ്ച രാവിലെ നാട്ടിലേക്ക് വരുമ്പോൾ തുക നൽകണമെന്ന് ജൂനിയർ സൂപ്രണ്ട് മഞ്ജിമ പറഞ്ഞതു പ്രകാരം പരാതിക്കാരനും വിജിലൻസും തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കാത്തു നിൽക്കുകയായിരുന്നു. റെയില്‍വേ പ്ലാറ്റ്ഫോമില്‍വെച്ച് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മഞ്ജിമയെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.
മഞ്ജിമയെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. നേരത്തെയും ഇവർക്കെതിരെ വിജിലൻസിന് പരാതികൾ കിട്ടിയിരുന്നു. എസ്.ഐമാരായ പ്രവീണ്‍, നിജേഷ്, ബാബു, രാജേഷ്, എ.എസ്.ഐമാരായ അജിത്ത്, ജയശ്രീ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Post a Comment