തിരുവമ്പാടി:
ജീവിതശൈലീ രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ യുവജനങ്ങൾ, കുട്ടികൾ എന്നിവർ ഉൾപ്പെടെയുള്ള പൊതുസമൂഹത്തെ ബോധവൽക്കരിക്കുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആരോഗ്യം ആനന്ദം 'വൈബ് ഫോർ വെൽനസ്' ക്യാമ്പയിൻ പ്രവർത്തനത്തിന് തിരുവമ്പാടിയിൽ തുടക്കമായി.
ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം ,കൃത്യമായ ഉറക്കം, ആരോഗ്യപരിപാലനം എന്നിവയിലൂന്നിയുള്ള ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന് യുവജനങ്ങളും കുട്ടികളും ഉൾപ്പെടെ എല്ലാവർക്കും പ്രചോദനം നൽകുന്നതിനും, മേൽപ്പറഞ്ഞ ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ തദ്ദേശസ്ഥാപനങ്ങൾ സ്വകാര്യസ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുക എന്നതാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന പരിപാടി വാർഡ് മെമ്പർ സ്മിത ബാബു ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ റിനി തെങ്ങിൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു, മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ 'നല്ല ശീലം നല്ല ആരോഗ്യം' എന്ന വിഷയത്തിൽ ക്ലാസെടുത്തു.ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ,പിഎച്ച് എൻ ത്രേസ്യ,ഷീജ ഇ ടി, യോഗ ട്രെയിനർ ടീന സ്വരാജ് , ജോസ്ന, റോഷൻലാൽ എന്നിവർ സംസാരിച്ചു.
ആരോഗ്യം ആനന്ദം പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെച്ച് നടന്ന വെൽനെസ്സ് ക്ലിനിക്കുകൾ വാർഡ് മെമ്പർമാർ ഉദ്ഘാടനം ചെയ്തു.

Post a Comment