കോഴിക്കോട്:
വികസനം സാധ്യമാകുന്നത് അറിവിലൂടെയാണെന്നും അതിനു സാങ്കേതിക സാക്ഷരതയിലും അക്ഷര സാക്ഷരതയിലും മുന്നേറണമെന്നും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന 'ഉല്ലാസ്' ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായുള്ള 'മികവുത്സവം' സാക്ഷരതാ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം തിരുവമ്പാടി ചെപ്പിലംകോട് ഉന്നതിയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. കോഴിക്കോട് ജില്ലയെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലു൦ പരിപൂർണ്ണ അക്ഷര സാക്ഷരതയിലു൦ എത്തിക്കാനുള്ള എല്ലാ പിന്തുണയും ജില്ലാ പഞ്ചായത്ത് നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത പി.ആർ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. മനോജ് സബാസ്റ്റ്യൻ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലയിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1445 പഠിതാക്കളാണ് മികവുത്സവം പരീക്ഷയിൽ പങ്കെടുത്തതെന്നും, വായന, എഴുത്ത്, ഗണിതം എന്നിവയിൽ പ്രാഥമിക അറിവ് നേടി തുടർ പഠനത്തിന് സജ്ജരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംസ്ഥാന സാക്ഷരതാമിഷൻ പ്രതിനിധി രാജലക്ഷ്മി, മുൻ ജില്ലാ കോർഡിനേറ്റർ ബാബു ജോസഫ്, ജില്ലാ ഓഫീസ് പ്രതിനിധി പി. ഷെമിത കുമാരി എന്നിവർ ആശംസകൾ നേർന്നു. പ്രേരക് കെ. സജന സ്വാഗതവും റിസോഴ്സ് പേഴ്സൺ സോന നന്ദിയും പറഞ്ഞു. ജില്ലയിലെ മുതിർന്ന പ൦ിതാവ് മുൻ പഞ്ചായത്ത് മെമ്പർ കൂടിയായ 80 കാരൻ ചൂല൯ കുട്ടിയെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അനുമോദിക്കുകയും പരീക്ഷാ സാമഗ്രികളും ചോദ്യപേപ്പറുകളും വിതരണം ചെയ്യുകയും ചെയ്തു കൊണ്ട് ആണ് മികവുത്സവം പരീക്ഷ ഉദ്ഘാടനം ചെയ്തത്. തിരുവമ്പാടി പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലായി 210 പേർ രജിസ്റ്റർ ചെയ്തിരുന്നത് ഇവരിൽ 165 പേർ മികവുത്സവത്തിൽ പങ്കെടുത്തു.
മുക്കം നഗരസഭയിൽ മികവുത്സവം ഉദ്ഘാടനം മുക്കം ഇരട്ടക്കുളങ്ങര അംഗൻവാടിയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി നിർവ്വഹിച്ചു. നഗരസഭ പരിധിയിൽ ആകെ 71 പഠിതാക്കളാണ് പരീക്ഷ എഴുതിയത്.
കോഴിക്കോട് ജില്ലയിൽ പരീക്ഷ എഴുതിയ1445 പഠിതാക്കളിൽ 1084 സ്ത്രീകളും 361 പുരുഷന്മാരും ഉൾപ്പെടുന്നു. കൂടാതെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 348 പേരും, പട്ടികവർഗ്ഗ വിഭാഗത്തിലെ 209 പേരും, 79 ഭിന്നശേഷിക്കാരും പരീക്ഷ എഴുതി. തിരുവമ്പാടി ചേപ്പിലങ്കോട് ഉന്നതിയിൽ പരീക്ഷ എഴുതിയ മുൻ വാർഡ് മെമ്പർ കൂടിയായ 80 വയസ്സുള്ള ടി.കെ. ചൂലൻകുട്ടി ആണ് ജില്ലയിലെ മുതിർന്ന പഠിതാവ്. മൂന്ന് മണിക്കൂർ നീണ്ടുനിന്ന പരീക്ഷയിൽ മികച്ച പങ്കാളിത്തമാണ് ജില്ലയിലുടനീളം ഉണ്ടായത്. മികവുത്സവത്തിന്റെ മൂല്യനിർണയം പൂർത്തിയാക്കി വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് ഒരു മാസത്തിനുള്ളിൽ ലഭ്യമാകുമെന്ന് ജില്ലാ കോഡിനേറ്റർ അറിയിച്ചു വിജയിക്കുന്നവർക്ക് നാലാം തരം തുല്യതാ ക്ലാസുകളിൽ ചേർന്ന് പഠനം തുടരാവുന്നതാണ്.

Post a Comment