തിരുവമ്പാടി :
ജനുവരി 15 മുതൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആരംഭിക്കുന്ന ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരായ പ്രതിരോധ കുത്തിവെപ്പിനുള്ള മുന്നൊരുക്കങ്ങൾ തിരുവമ്പാടിയിൽ പൂർത്തിയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ടും മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയയും അറിയിച്ചു.
ഒരു വയസ്സ് മുതൽ15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. ജനുവരി 16 ന് രാവിലെ 10 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർസെക്കൻ്ററി സ്കൂളിൽ വച്ച് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ കൊട്ടാരത്തിൽ നിർവഹിക്കും.
കൊതുകുകൾ വഴി പകരുന്ന തലച്ചോറിനെ ബാധിക്കുന്ന ഗുരുതര വൈറസ് രോഗമാണ് ജാപ്പനീസ് മസ്തിഷ്ക ജ്വരം, രോഗം ഗുരുതരമായാൽ അപസ്മാരവും ബോധക്കേടും മരണവും സംഭവിക്കും, ഒന്നു മുതൽ 15 വയസ്സു വരെയുള്ള കുട്ടികളെ രോഗം ഗുരുതരമായി ബാധിക്കും, രോഗം വന്നവരിൽ 30% പേർ മരിക്കുകയും 50% പേർ വൈകല്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ കുളക്കോഴികൾ മുതലായ പക്ഷികളിലും വൈറസ് കാണപ്പെടുന്നുണ്ട്, വൈറസ് കൊതുക് വഴി മനുഷ്യരിലേക്ക് പടരുകയാണ് ചെയ്യുന്നത്.
മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ഇൻറർ സെക്ടറൽ കോഡിനേഷൻ കമ്മിറ്റി യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു, ജനപ്രതിനിധികൾ,വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
സ്കൂൾ അധ്യാപകർക്കും അംഗണവാടി ടീച്ചർമാർക്കും ആശാവർക്കർമാർക്കും സന്നദ്ധ പ്രവർത്തകർക്കു മുള്ള ബോധവൽക്കരണവും പരിശീലനവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആർ അജിത ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ ബോധവൽക്കരണ ക്ലാസ് എടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ജോൺസൺ, വാർഡുമെമ്പർ മറിയാമ്മ വർക്കി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് ശരത് ലാൽ , ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പി എച്ച് എൻ ത്രേസ്യ സി ജെ, ലിംന ഇകെ, സ്കൂൾ പ്രതിനിധി ബിന്ദു ടീച്ചർ, ഐസിഡി എസ് പ്രതിനിധി രതി ടീച്ചർ, എന്നിവർ സംസാരിച്ചു.
മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവമ്പാടിയിലെ വിവിധ സ്കൂളുകളിലും അങ്കണവാടികളിലും രക്ഷിതാക്കൾക്കുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

Post a Comment