തിരുവമ്പാടി :
ജനുവരി മാസത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന അശ്വമേധം (കൃഷ്ഠരോഗ നിർണയ ഭവന സന്ദർശനം) എൻഡിഡി ( ദേശീയ വിരവിമുക്ത ദിനം) പരിപാടികളുടെ വളണ്ടിയർമാർക്കുള്ള പരിശീലനം നടത്തി.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടത്തിയ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡൻറ് പി ആർ അജിത അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സ്മിതബാബു, ഷീബ പ്രകാശ്, കെ ഷീന, അധ്യാപക പ്രതിനിധി കെ അഹമ്മദ് ഷാഫി, ഐ സി ഡി എസ്സ് പ്രതിനിധി രതി ടീച്ചർ,എന്നിവർ സംസാരിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പി എച്ച് എൻ ത്രേസ്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ സെൽവകുമാർ, മുഹമ്മദ് മുസ്തഫ ഖാൻ, എംഎൽഎസ്പി ജോസ്ന, ജെ പിച്ച്എൻ ലിംന ഇകെ, എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.
'പാടുകൾ നോക്കാം ആരോഗ്യം കാക്കാം' എന്ന മുദ്രാവാക്യത്തോടെ കുഷ്ഠരോഗ നിർമാർജ്ജന പ്രവർത്തങ്ങളുടെ ഭാഗമായി 'അശ്വമേധം 7.0’ എന്ന പേരിൽ കുഷ്ഠ രോഗ നിർണ്ണയ ഭവന സന്ദർശന പരിപാടി സംഘടിപ്പിക്കുകയാണ്. ജനുവരി 7 മുതൽ ജനുവരി 20 വരെ അശ്വമേധം ക്യാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ഒരു ആശാപ്രവർത്തകയും പുരുഷ വോളണ്ടിയറും നമ്മുടെ വീടുകൾ സന്ദർശിച്ച് രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നു. നമ്മുടെ സമൂഹത്തിൽ ഇപ്പോഴും കണ്ടുപിടിക്കപ്പെടാതെ കിടക്കുന്ന കുഷ്ഠ രോഗ ബാധിതരെ കണ്ടുപിടിച്ച് ചികിത്സക്ക് വിധേയമാക്കുക എന്നതാണ് അശ്വമേധം 7.0 ക്യാമ്പയിന്റെ ലക്‌ഷ്യം.
കുട്ടികളിൽവിളർച്ചക്കും പോഷകക്കുറവിനും കാരണമാകുന്ന വിരബാധ തടയുന്നതിനായി ജനുവരി 6 വിരവിമുക്ത ദിനമായി ആചരിക്കുന്നു. അന്നേദിവസം വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾക്ക് അവിടെ നിന്നും, 1 മുതൽ 19 വയസ്സ് വരെ പ്രായമുള്ള വിദ്യാലയങ്ങളിൽ എത്താത്ത കുട്ടികൾക്ക് അംഗണവാടികളിൽ നിന്നും വിര ഗുളിക നൽകുന്നതാണ്. ഏതെങ്കിലും കാരണവശാൽ ജനുവരി 6ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ജനുവരി 12ന് ഗുളിക നൽകുന്നതാണ്.
വളണ്ടിയർ പരിശീലനത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ, അങ്കണവാടി ടീച്ചർമാർ, ആശാവർക്കർമാർ ,സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Post a Comment