ഓമശ്ശേരി :
കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഓമശ്ശേരി–കോടഞ്ചേരി ടൗണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന സംസ്ഥാന പാതയായ കാപ്പാട്–തുഷാരഗിരി–അടിവാരം റോഡിന്റെ അമ്പലത്തിങ്ങൽ മുതൽ കാപ്പാട്ടുമ്മല വരെയുള്ള 3.5 കിലോമീറ്റർ ദൂരമുള്ള ഭാഗം അത്യാധുനിക രീതിയിൽ നവീകരിച്ച് പൊതുജനങ്ങൾക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ  ഓൺലൈനായി  സമർപ്പിച്ചു.



 അമ്പലത്തിങ്ങൽ, വേനപ്പാറ, പെരിവില്ലി, കാപ്പാട്ടുമ്മല എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് പ്രദേശത്തിന്റെ ഗതാഗത വികസനത്തിന് വലിയ കരുത്താകും

എം.എൽ.എയുടെ നിർദ്ദേശപ്രകാരം 2022–23 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 6.56 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി താഴ്ന്ന പ്രദേശങ്ങളിൽ റോഡ് ഉയർത്തി സംരക്ഷണഭിത്തികൾ നിർമ്മിക്കുകയും, പത്ത് കലുങ്കുകളും കാര്യക്ഷമമായ ഡ്രെയിനേജ് സംവിധാനങ്ങളും ഒരുക്കുകയും ചെയ്തു. ശരാശരി 5.50 മീറ്റർ വീതിയിലുള്ള റോഡ് BM & BC നിലവാരത്തിൽ ബിറ്റുമിൻ ചെയ്തതോടൊപ്പം സുരക്ഷയ്ക്കായി റോഡ് മാർക്കിങ്ങുകൾ, സൈൻബോർഡുകൾ, റോഡ് സ്റ്റഡുകൾ, ക്രാഷ് ബാരിയറുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്ക്കും ഗതാഗത സൗകര്യങ്ങൾക്കും ഈ നവീകരണം വലിയ ഉണർവ് നൽകുമെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായ പരിപാടിയിൽ നിയോജകമണ്ഡലം എംഎൽഎ എം കെ മുനീർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൗദ ടീച്ചർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഗംഗാധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രാധാമണി ടീച്ചർ, പി.വി സാദിഖ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

Previous Post Next Post