ഇസ്രായേലിൽ അടിയന്തരാവസ്ഥ; നടന്നത് യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണം.
തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പരത്തി ഇറാനുനേരെ ഇസ്രായേൽ-യു.എസ് സംയുക്ത ആക്രമണം. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വൻ സ്ഫോടനം നടന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
മുൻകരുതൽ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഇറാൻ പ്രസിഡന്‍റിന്‍റെ വസതിയും ആയുധ കേന്ദ്രങ്ങളും ഉൾപ്പെടെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണമാണ് നടന്നത്.
തെഹ്റാനിലെ യൂനിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൂരി മേഖലയിലും നിരവധി മിസൈലുകൾ പതിച്ചു. ഇറാനിൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണമാണ് നടത്തിയതെന്ന് യു.എസ് അധികൃതർ സ്ഥിരീകരിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഇലി ഖാംനഇയുടെ വസതിക്കു സമീപവും മിസൈൽ പതിച്ചതായി വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ആക്രമണത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തിനു പിന്നാലെ വ്യോമപാത ഇസ്രായേൽ അടച്ചു. പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ പൊതുജനം വിമാനത്താവളത്തിലേക്ക് വരരുതെന്ന് ഇസ്രായേൽ ഗതാഗത വകുപ്പ് നിർദേശം നൽകി. അടിയന്തര സേവനം ഒഴികെ സ്കൂളുകളും ഓഫിസുകളും മറ്റു സേവനങ്ങളും താൽക്കാലികമായി അടച്ചു. ഇസ്രായേലിലുടനീളം അപായ മുന്നറിയിപ്പ് നൽകിയെങ്കിലും നിലവിൽ ഷെൽട്ടറുകളിലേക്ക് പോകേണ്ടതില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ യുദ്ധ ഭീഷണിക്കിടെയാണ് ഇസ്രായേലിന്‍റെ അപ്രതീക്ഷിത ആക്രമണം. അമേരിക്കയുമായി ആണവ നിർവ്യാപന കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ഏതാനും നാളുകളായി ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്. ആണവ നിർവ്യാപന കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ സന്തുഷ്ടനല്ലെന്ന് ട്രംപ് മണിക്കൂറുകൾക്ക് മുമ്പ് പ്രതികരിക്കുകയും ചെയ്തിരുന്നു.
മിഡിൽ ഈസ്റ്റിൽ മറ്റൊരു യുദ്ധം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി കരാറിലെത്താൻ കൂടുതൽ സമയം അനുവദിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ജനീവയിൽ ഇറാൻ-യു.എസ് പ്രതിനിധികൾ നടത്തിയ ചർച്ചക്കു പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. അതേസമയം, ആണവ നിർവ്യാപന കരാറിന് സമ്മതിച്ചില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി അദ്ദേഹം ആവർത്തിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണത്തിന് തങ്ങൾക്ക് അവകാശമുണ്ടെന്ന വാദത്തിൽ ഇറാൻ ഉറച്ചു നിൽക്കുകയാണ്.

إرسال تعليق