തിരുവനന്തപുരം: 
പൗരത്വ ഭേതഗതിയുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാർ ശ്രമങ്ങളെ തടയിടാനെന്ന പേരിൽ കേരള സർക്കാർ പുറത്തിറക്കുന്ന നേറ്റിവിറ്റി കാർഡിന് മന്ത്രിസഭയുടെ അംഗീകാരം. നിലവിൽ വില്ലേജ് ഓഫിസിൽ നിന്ന് ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായാണ് ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡ് സർക്കാർ നൽകുക. സംസ്ഥാനത്തിന് പുറത്ത് വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങൾക്കാണ് സാധാരണ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത്.

തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കാണ് കേരളത്തിൽ ജനിച്ചവരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. മാതാപിതാക്കൾ കേരളത്തിൽ ജനിച്ചവരാണെങ്കിൽ സംസ്ഥാനത്ത് ജനിക്കാത്ത മക്കൾക്കും നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കും. മാതാപിതാക്കളിൽ ഒരാളോ രണ്ടു പേരോ കേരളത്തിന് പുറത്ത് ജനിച്ചവരും വിവാഹ ശേഷം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവരുമാണെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് അർഹതയുണ്ട്.

സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന നേറ്റിവിറ്റി കാർഡിന് നിയമനിര്‍മാണം നടത്താന്‍ 20 കോടി രൂപ ബജറ്റിൽ സർക്കാർ നീക്കിവെച്ചിരുന്നു. എസ്.ഐ.ആര്‍ നടപ്പിലാക്കുന്നത് ന്യൂനപക്ഷങ്ങളിൽ ഉള്‍പ്പെടെ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ്​ തലമുറകളായി കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ആശങ്ക പരിഹരിക്കാൻ സംസ്ഥാനം നേറ്റിവിറ്റി കാര്‍ഡ് എന്ന രേഖ നല്‍കുന്നതെന്നാണ്​ ബജറ്റിൽ വിശദീകരിച്ചത്.
ഫോട്ടോ പതിച്ച കാർഡ് സർക്കാർ സേവനങ്ങൾക്ക് ഗുണഭോക്തൃ തിരിച്ചറിയിൽ രേഖയായും ഉപയോഗിക്കാം. കാർഡിന്റെ വിതരണ ചുമതല തഹസിൽദാർമാർക്കായിരിക്കും.

നിലവിൽ വില്ലേജ് ഓഫിസിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായാണ് നേറ്റിവിറ്റി കാർഡ് പുറത്തിറക്കുന്നത്. കാർഡിന് നിയമപ്രാബല്യം നൽകുമെന്നും ഇതിനായി കരട് തയാറാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു.
 

Post a Comment

Previous Post Next Post