തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ 890 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇവരിൽ മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളും അവർ പിന്തുണക്കുന്ന സ്വതന്ത്രരും ഒരു മുന്നണിയിലും ചേരാത്ത പാർട്ടികളിലുള്ളവരും പൂർണ സ്വതന്ത്രരും വിമതരും അപരന്മാരുമായ സ്വതന്ത്രരുമൊല്ലാംപെടും.

2021ൽ 957 സ്ഥാനാർഥികളാണുണ്ടായിരുന്നത്. ഇത്തവണ 67 പേർ കുറഞ്ഞു. ഇനി തെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ ഒമ്പത് വരെ നീളുന്ന 14 ദിവസം നടക്കുക തീപാറുന്ന പോരാട്ടമാണ്. സൂക്ഷ്മപരിശോധനക്ക് ശേഷം 140 മണ്ഡലങ്ങളിലുമായി മത്സരിക്കാൻ യോഗ്യത നേടിയത് 985 പേരാണ്. ഇതിൽ 95 പേർ പത്രിക പിൻവലിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള മണ്ഡലം കൊടുവള്ളിയാണ്. അവിടെ 13 പേർ രംഗത്തുണ്ട്. നാലുപേർ പത്രിക പിൻവലിച്ചു


തിരുവനന്തപുരം മണ്ഡലത്തിൽ അഞ്ച് പേർ പത്രിക പിൻവലിച്ചു. 11 പേർ മത്സര രംഗത്തുണ്ട്. മഞ്ചേശ്വരം, പേരാവൂർ എന്നിവിടങ്ങളിലും 11 പേർ വീതം രംഗത്തുണ്ട്. ഏറ്റവും കുറവ് സ്ഥാനാർഥികൾ ചവറ, കായംകുളം, നാട്ടിക, കോങ്ങാട്, മാനന്തവാടി എന്നിവിടങ്ങളിലാണ്. മൂന്നുപേർ വീതം മാത്രമാണ് ഇവിടങ്ങളിൽ മാറ്റുരക്കുന്നത്. പത്രിക പിൻവലിക്കൽ പൂർത്തിയായതോടെ അവശേഷിച്ച സ്ഥാനാർഥികൾക്കുള്ള ചിഹ്നങ്ങൾ അനുവദിച്ചു.
ദേശീയ, സംസ്ഥാന അംഗീകാരമുള്ള പാർട്ടി സ്ഥാനാർഥികൾക്ക് അവരുടെ പാർട്ടി ചിഹ്നങ്ങൾ ലഭിച്ചു. ചില സംസ്ഥാന പാർട്ടികൾക്ക് അനുവദിച്ച ചിഹ്നങ്ങൾ ആ പാർട്ടിയുടെ സ്ഥാനാർഥികളില്ലാത്ത മണ്ഡലങ്ങളിൽ സ്വതന്ത്രർക്ക് അനുവദിച്ചിട്ടുണ്ട്.

ആകെ വോട്ടർമാർ 2,71,42,952
തിരുവനന്തപുരം: തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. 2,71,42,952 വോട്ടർമാരാണ് അന്തിമ പട്ടികയിലുള്ളത്. ഇതിൽ 1,32,20,811 പേർ പുരുഷൻമാരും 1,39,21,868 പേർ സ്ത്രീകളും 273 പേർ ട്രാൻസ്ജെൻഡേഴ്സുമാണ്. 2,42,093 പേർ പ്രവാസി വോട്ടർമാരാണ്.
കൂടുതൽ വോട്ടർമാർ മലപ്പുറത്താണ്; 36,32,210 പേർ. കുറവ് വയനാട്ടിലും; 6,43,625 പേർ. എസ്.ഐ.ആർ പൂർത്തിയായപ്പോൾ 2.69 കോടി വോട്ടർമാരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതിലേക്ക് പുതുതായി അപേക്ഷ നൽകിയവരുടെത് കൂടി ചേർന്നതോടെയാണ് മൊത്തം എണ്ണം 2.71 കോടിയായി ഉയർന്നത്. വെബ്സൈറ്റിൽ (www.ceo.kerala.gov.in) അന്തിമ വോട്ടർ പട്ടിക വിവരങ്ങൾ ലഭ്യമാണ്. സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവൽ ഓഫിസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും.
അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫിസുകളിൽനിന്ന് പട്ടിക കൈപ്പറ്റാം

Post a Comment

أحدث أقدم