തിരുവമ്പാടി: 
വയനാടൻ ചുരമിറങ്ങി വരുന്ന കുളിർകാറ്റിനെപ്പോലും രാഷ്ട്രീയച്ചൂടിൽ വെണ്ണീറാക്കുന്ന ആവേശത്തിലേക്ക് തിരുവമ്പാടി വഴിമാറുന്നു. ഇടത്-വലത് മുന്നണികളുടെ പടനായകന്മാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ, മലയോരത്തിന്റെ ഹൃദയം പിടിച്ചടക്കാൻ ഇനിയുള്ള നാളുകളിൽ പൊടിപാറുന്ന പോരാട്ടം. മധ്യവേനലിന്റെ കാഠിന്യത്തെ വെല്ലുന്ന രാഷ്ട്രീയ വീര്യമാണ് അങ്ങാടികളിലും കവലകളിലും പടരുന്നത്.




വികസനത്തിന്റെ 'ലിന്റോ' കരുത്തും അനുഭവത്തിന്റെ 'കാസിം' കോട്ടയും

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മണ്ഡലത്തിൽ നടപ്പിലാക്കിയ 3875 കോടി രൂപയുടെ വികസന വിപ്ലവത്തിന്റെ ആത്മവിശ്വാസവുമായാണ് നിലവിലെ എം.എൽ.എ ലിന്റോ ജോസഫ് പോർക്കളത്തിൽ അങ്കം തുടരുന്നത്. വികസനത്തുടർച്ച എന്ന വാഗ്ദാനവുമായി ലിന്റോ മുന്നേറുമ്പോൾ, എതിർചേരിയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകാലം തദ്ദേശ സ്വയംഭരണ രംഗത്തും പൊതുമണ്ഡലത്തിലും ആർജ്ജിച്ചെടുത്ത പടയനുഭവങ്ങളുടെ കരുത്തുമായി യു.ഡി.എഫ് സ്ഥാനാർഥി സി.കെ. കാസിം പ്രതിരോധക്കോട്ട കെട്ടുന്നു.

റമസാൻ വിശുദ്ധിയിൽ സൗഹൃദത്തിന്റെ തണൽ

രാഷ്ട്രീയ വൈരത്തിനപ്പുറം ഹൃദയബന്ധങ്ങളുടെ മനോഹര കാഴ്ചകളും ഈ തിരഞ്ഞെടുപ്പ് കാലത്തെ വേറിട്ടതാക്കുന്നു.റമസാനിന്റെ വിടവാങ്ങലും പെരുന്നാളിന്റെ വരവും പ്രചരണായുധമാക്കുമ്പോഴും, ഇഫ്താർ സംഗമങ്ങളിൽ തോളോട് തോൾ ചേർന്ന് നിന്ന് നോമ്പുതുറക്കുന്ന സ്ഥാനാർഥികൾ കേരളീയ രാഷ്ട്രീയത്തിന്റെ മാന്യത കാത്തുസൂക്ഷിക്കുന്നു.
വീടുകൾ തോറും കയറിയിറങ്ങി വോട്ടർമാരുടെ മനസ്സ് വായിക്കാൻ സ്ഥാനാർഥികൾ മത്സരിക്കുകയാണ്.
"ഈ ഒരുമ എന്നും നിലനിൽക്കട്ടെ" എന്ന പ്രാർത്ഥനയോടെ പെരുന്നാൾ ആശംസകൾ നേർന്ന് വോട്ടർമാരിലേക്ക് അവർ സൗഹൃദത്തിന്റെ പാലം പണിയുന്നു.

വിധിയെഴുതാൻ മലയോര മനസ്സ്

പതിറ്റാണ്ടുകളുടെ പരിചയസമ്പത്തോ അതോ വികസനത്തിന്റെ തിളക്കമോ? 
മലയോര മണ്ണ് ആരോടൊപ്പം നിൽക്കുമെന്ന ചോദ്യത്തിന് ഉത്തരം തേടി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. വീറും വാശിയും നിറഞ്ഞ ഈ അങ്കത്തട്ടിൽ വോട്ടർമാരുടെ മനസ്സ് ഇടത്തോട്ടോ വലത്തോട്ടോ എന്ന് അറിയാൻ ഇനി വോട്ടെണ്ണൽ ദിനം വരെ നെഞ്ചിടിപ്പോടെ കാത്തിരിക്കാം.


തയ്യാറാക്കിയത് 
ബദ്റുൽ മുനീർ വെളിമണ്ണ 
സിറാജ് ലേഖകൻ തിരുവമ്പാടി

Post a Comment

أحدث أقدم