തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടയഭൂമിയിലെ നിര്‍മാണ നിരോധനം നീക്കാൻ സര്‍ക്കാര്‍ തീരുമാനം. പതിച്ചുനൽകിയ ഭൂമിയില്‍ വീട് മാത്രമല്ല ഇതര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉടമകള്‍ക്ക് സാധിക്കും. ഇടുക്കി ജില്ലയിലുൾപ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ഭൂമി വിനിയോഗിക്കാനാകുന്ന തരത്തിൽ കേരള ഭൂമിപതിവ് ചട്ടത്തിന് അനുമതി നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചതോടെയാണ് ഇളവ് പ്രാബല്യത്തിലായത്. പട്ടയഭൂമി വീട് നിര്‍മിക്കുന്നതിനും കൃഷി ചെയ്യുന്നതിനും പുറമേ മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാൻ അനുമതി നല്‍കുന്നതാണ് തീരുമാനം.


5000 ചതുരശ്ര അടിവരെയുള്ള നിര്‍മാണങ്ങള്‍ക്ക് സൗജന്യമായും 5000-10,000 വരെയുള്ളവക്ക് ഭൂമിയുടെ ന്യായവിലയുടെ ഒരുശതമാനവും അതിനു മുകളിലുള്ള നിര്‍മിതികള്‍ക്ക് ന്യായവിലയുടെ രണ്ട് ശതമാനവും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്ന് ന്യായവിലയുടെ അഞ്ച് ശതമാനവും ഈടാക്കി അനുമതി നല്‍കാം.

2010 മുതലുള്ള അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമായത്. നിലവിലെ നിര്‍മിതികള്‍ ക്രമവത്കരിക്കാന്‍ ചട്ടമുണ്ടാക്കിയിരുന്നു. പുതിയ ചട്ടം വന്നതോടെ പുതുതായി കെട്ടിടങ്ങള്‍ നിര്‍മിക്കാനും അനുമതി ലഭ്യമാകും. പതിച്ചുനല്‍കിയ ഭൂമി വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ചില സംഘടനകളും വ്യക്തികളും കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായ അവസ്ഥയിലായിരുന്നു. മന്ത്രിസഭ തീരുമാനം വന്നതോടെ ഹൈറേഞ്ചിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് കുതിച്ചുചാട്ടമുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു

Post a Comment

أحدث أقدم