ചിത്രം തെളിഞ്ഞു
മലയോരം പോർക്കളമാകുന്നു!
തിരുവമ്പാടി: മലയോരത്തിന്റെ മണ്ണിൽ രാഷ്ട്രീയ കനലുകൾ ആളിക്കത്തുകയാണ്. വികസനത്തിന്റെ വെള്ളിരേഖയുമായി ഒരു വശത്ത് ലിന്റോ ജോസഫ് കളം നിറയുമ്പോൾ, മറുവശത്ത് കരുനീക്കങ്ങളുടെ ചതുരംഗക്കളം ഒരുക്കി യു.ഡി.എഫ്. ചുരമിറങ്ങുന്ന കാറ്റിന് ഇപ്പോൾ രാഷ്ട്രീയത്തിന്റെ ചൂടാണ്; പോരാട്ടം പ്രവചനാതീതമായ തിരുവമ്പാടിയുടെ മണ്ണിൽ അങ്കത്തിരി തെളിഞ്ഞു കഴിഞ്ഞു!
വികസനത്തിന്റെ തുരങ്കം തുറന്ന 'ജനപ്രിയൻ'
ഇടതുപക്ഷത്തിന്റെ പടനായകനായി ലിന്റോ ജോസഫ് വീണ്ടും ജനവിധി തേടുമ്പോൾ അത് വെറുമൊരു മത്സരമല്ല, മറിച്ച് കഴിഞ്ഞ അഞ്ചുവർഷത്തെ കർമ്മസാക്ഷ്യത്തിന്റെ വിളംബരമാണ്.ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയെന്ന മലയോരത്തിന്റെ ദശകങ്ങളായുള്ള കാത്തിരിപ്പിന് ജീവൻ നൽകിയ കരുത്തുമായാണ് ലിന്റോയുടെ പടയോട്ടം.
2021-ലെ കന്നിയങ്കത്തിൽ 4643 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയ ആത്മവിശ്വാസം, ഇത്തവണ വികസനത്തിന്റെ തിളക്കത്തിൽ ഇരട്ടിയായിരിക്കുന്നു. സാധാരണക്കാരന്റെ നോവും കിനാവും അറിയുന്ന 'ജനകീയ എം.എൽ.എ' എന്ന പരിവേഷം ഇടത് ക്യാമ്പിന് വജ്രായുധമാണ്.
അനിശ്ചിതത്വത്തിനൊടുവിൽ നായകനായി ഖാസിം
മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയാണെങ്കിലും, രാഷ്ട്രീയ സമവാക്യങ്ങളും സഭയുടെ നിലപാടുകളും മുൻനിർത്തി സീറ്റ് കോൺഗ്രസിന് വിട്ടുനൽകണമെന്ന ചർച്ചകൾ അണിയറയിൽ പുകഞ്ഞു നിന്നിരുന്നു.
യു ഡി എഫ് പാളയത്തിൽ ചർച്ചകൾക് ഒടുവിൽലീഗ് കോൺഗ്രസിന് സീറ്റ് വിട്ട് കൊടുക്കാൻ തയ്യാറായില്ല. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി കെ ഖാസിമിനെ കളത്തിലറക്കാൻ തന്നെ തീരുമാനമായി.
നേരത്തെ ഖസിമിന്റെ പേരിൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്രചരണം പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ പ്രവർത്തകർകിടയിൽ അഭിപ്രായം തർക്കങ്ങൾ ഉടലെടുത്തിരുന്നു. കഴിഞ്ഞ തവണ സി പി ചെറിയ മുഹമ്മദിനെ പരാജയപ്പെടുത്തുന്നതിൽ ഖാസിമിന് പങ്കുണ്ടെന്ന ആരോപണങ്ങളും ഉയർന്നു വന്നിരുന്നു.ഖാസിമിനെ മത്സരിപ്പിക്കാൻ ഒരിക്കലും അനുവദിക്കില്ല എന്ന് ആരോപിച്ചു ഒരു വിഭാഗം പ്രവർത്തകരും രംഗത്ത് വന്ന സോഷ്യൽ മീഡിയ ഗ്രൂപ്പിൽ വന്ന ചർച്ചകൾ ചോർന്നത് വലിയ വിവാദങ്ങൾക് കാരണമായിരുന്നു. എന്നാൽ, ഇതൊരു 'ജീവൻ മരണ പോരാട്ട'മായതിനാൽ നേതൃത്വത്തിന്റെ തീരുമാനം അണികൾ ശിരസാവഹിക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.സി.കെ. അണികൾക്കിടയിലെ പടലപ്പിണക്കങ്ങൾ നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്,എങ്കിലും, 'പുതുമുഖ യാത്ര' നൽകിയ ആവേശത്തിൽ സി കെ ഖസിമിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
കഴിഞ്ഞ നാല് വർഷത്തെ പൊതു പ്രവർത്തന പരിചയ സമ്പത്താണ് ഖാസിമിന്റെ പ്രതീക്ഷ. മലയോര കർഷരുടെ പ്രശ്നം പരിഹാരം. വന്യ ജീവി ശല്യ നിർമാർജനം ഇവക്ക് തന്നെയാണ് മുൻഗണനയെന്ന് സ്ഥാനാർഥി പ്രഖ്യാപന ശേഷം ഖാസിം മാധ്യമങ്ങളോട് പറഞ്ഞു.
മലയോരം ആർക്കൊപ്പം?
വികസനത്തിന്റെ പടച്ചട്ടയണിഞ്ഞ ലിന്റോയോ, അതോ രാഷ്ട്രീയ മാറ്റത്തിന്റെ കാഹളം മുഴക്കി എത്തുന്ന സി കെ ഖസിമോ?.
"ചുരത്തിലെ വളവുകൾ പോലെ ദുരൂഹമാണ് തിരുവമ്പാടിയുടെ വോട്ടുബാങ്ക്.ആനക്കാംപൊയിലിലെ മണ്ണും ഇവിടുത്തെ കർഷകന്റെ മനസ്സും ഇത്തവണ ആർക്കൊപ്പം നിൽക്കും? പോരാട്ടം മുറുകുകയാണ്; ചരിത്രം ആവർത്തിക്കപ്പെടുമോ അതോ തിരുത്തപ്പെടുമോ എന്ന് കാത്തിരുന്ന് കാണാം!"
തയ്യാറാക്കിയത്:
ബദ്റുൽ മുനീർ സഖാഫി വെളിമണ്ണ
സിറാജ് ലേഖകൻ
ഓമശ്ശേരി, തിരുവമ്പാടി

إرسال تعليق