കൈതപ്പൊയിൽ - കോടഞ്ചേരി - തിരുവമ്പാടി- അഗസ്ത്യൻമുഴി റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനം പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പിലാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് കിഫ്‌ബി പദ്ധതിയിൽ നവീകരിച്ച കൈതപ്പൊയിൽ - കോടഞ്ചേരി - തിരുവമ്പാടി- അഗസ്ത്യൻമുഴി റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ അഞ്ചുവർഷംകൊണ്ട് 50 ശതമാനം റോഡുകൾ ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് ഉയർത്തുക എന്ന് ലക്ഷ്യം വച്ചത് 60 ശതമാനം പൂർത്തിയാക്കാൻ സാധിച്ചെന്ന് മന്ത്രി പറഞ്ഞു. ദേശീയ ഹൈവേ, മലയോര ഹൈവേ,തീരദേശ ഹൈവേ, തുരങ്ക പാത തുടങ്ങിയ പദ്ധതികൾ പശ്ചാത്തല വികസനത്തിൽ വലിയ മാറ്റം ഉണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൈതപ്പൊയിലിൽ നടന്ന പരിപാടിയിൽ ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീജിത്ത് എലോക്കര, ശിഹാബ് അടിവാരം,കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ബി ബൈജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുൾ അസീസ്, ശിഹാബ് അടിവാരം,ടി എം ജോസഹ്, ടി കെ നാസർ,എബ്രഹാം മാനുവൽ,ടി എ മൊയ്ദീൻ,പി പി ജോയ് തുടങ്ങിയവർ പങ്കെടുത്തു.
92 കോടി രൂപയ്ക്ക് 21.20 കി ലോമീറ്റർ ദൂരത്തിൽ 10 മീറ്റർ വീതിയിൽ നിർമിച്ച റോഡിന്റെ പണി നാഥ് ഇൻഫ്രാസ്ട്രക്ചേഴ്സ‌് എന്ന കമ്പനിയായിരുന്നു ആദ്യം ഏറ്റെടുത്തത്. എന്നാൽ കാലാവധിക്കുള്ളിൽ റോഡ് നിർമാണം പൂർത്തിയാക്കാതെ വന്നതിനാൽ പിന്നീട് 45.83 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ബാക്കിയുള്ള നിർമാണ പ്രവൃത്തികൾ ഏറ്റെടുത്താണ് ഇപ്പോൾ പണി പൂർത്തീകരിച്ചിട്ടുള്ളത്. ബി എം ആന്റ് ബി സി നിലവാരത്തിൽ ഓവ് ചാൽ, ആവശ്യമായ സ്‌ഥലങ്ങളിൽ കലുങ്ക്, റോഡ് മാർക്കിങ്, സുരക്ഷ സംവിധാനങ്ങൾ എന്നിവയോടെയാണ് പ്രവൃത്തി പൂർത്തീകരിച്ചിരിക്കുന്നത്.



إرسال تعليق