വാഷിങ്ടൺ: ഇറാനെതിരെ യു.എസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം ഉടൻ പിന്മാറുമെന്ന സൂചനയാണ് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് നൽകിയത്.

ഞങ്ങൾ ഉടൻ തന്നെ ഇറാനിൽ നിന്ന് മടങ്ങും. രണ്ടാഴ്ച, അല്ലെങ്കിൽ മൂന്നാഴ്ചയ്ക്കുള്ളിൽ പിന്മാറ്റം ഉണ്ടായേക്കാം,' ട്രംപ് വ്യക്തമാക്കി. ഇറാനുമായി ഒരു നയതന്ത്ര കരാർ ഉണ്ടാക്കിയാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിർബന്ധം അമേരിക്കക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇറാന്റെ ആണവായുധ ശേഷി പൂർണ്ണമായും ഇല്ലാതാക്കിയതിന് ശേഷം മാത്രമേ പിന്മാറ്റം പൂർത്തിയാകൂ എന്ന് അദ്ദേഹം അറിയിച്ചു.

ഇറാൻ വിഷയത്തിൽ നിർണായകമായ അപ്ഡേറ്റുകൾ പങ്കുവെക്കുന്നതിനായി ബുധനാഴ്ച രാത്രി 9 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 6:30) ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. ഏപ്രിൽ ഒന്ന് മുതൽ ഗൂഗ്‌ൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ടെസ്‌ല തുടങ്ങി 18 പ്രമുഖ അമേരിക്കൻ കമ്പനികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണോ ഈ പിന്മാറ്റം എന്ന് വ്യക്തമല്ല.

അതേസമയം സമാധാനത്തിനുള്ള സാധ്യതകൾ ഇപ്പോഴും തുറന്നുകിടക്കുകയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞെങ്കിലും, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇത് തള്ളിക്കളഞ്ഞു. അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടക്കുന്നില്ലെന്നും സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും അവയെ ചർച്ചകളായി കാണാനാവില്ലെന്നും ടെഹ്‌റാൻ വ്യക്തമാക്കി.

യുറേനിയം സമ്പുഷ്ടീകരണം നിർത്തുക, ഹുർമുസ് കടലിടുക്ക് തുറന്നു നൽകുക തുടങ്ങിയ 15 നിർദ്ദേശങ്ങളാണ് അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാത്ത പക്ഷം സൈനിക നീക്കം ശക്തമാക്കുമെന്നും നേരത്തെ വാഷിങ്ടൺ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അമേരിക്കയുടെ 15 നിർദേശങ്ങൾ തള്ളുകയും ഇറാൻ മുന്നോട്ട് വെച്ച അഞ്ച് നിർദേശങ്ങൾ അംഗീകരിക്കുകയും ചെയ്താൽ യുദ്ധം അവസാനിപ്പിക്കാം എന്ന് ഇറാൻ അമേരിക്കയോട് വ്യക്തമാക്കിയിരുന്നു. ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഈ യുദ്ധം ആഗോള വിപണിയെയും ഊർജ്ജ മേഖലയെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Post a Comment

أحدث أقدم