വാഷിങ്ടൺ:
ഒറ്റരാത്രി കൊണ്ട് ഇറാനെ സമ്പൂർണമായി തകർക്കുമെന്നും ആ രാത്രി ഇന്നായിരിക്കാമെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി. ഹുർമുസ് കടലിടുക്ക് തുറക്കാനും കരാറിലെത്താനും നൽകിയ പത്ത് ദിവസത്തെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ട്രംപിന്‍റെ വെല്ലുവിളി.
താൽക്കാലികമായി വെടിനിർത്താനുള്ള യു.എസ് നിർദേശം ഇറാൻ തള്ളിക്കളഞ്ഞതിനു പിന്നാലെയാണ് ട്രംപ് ഭീഷണി കടുപ്പിച്ചത്. ഇറാനിലെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യംവെക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ‘ഒരു രാത്രി കൊണ്ട് ആ രാജ്യം മുഴുവൻ തകർക്കാൻ കഴിയും, ആ രാത്രി ഇന്ന് ആകാം’ ട്രംപ് പറഞ്ഞു. ഇറാന് ആവശ്യത്തിൽ കൂടുതൽ സമയം നൽകിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങൾക്ക് ഒരു പദ്ധതിയുണ്ട്... ഇറാനിലെ എല്ലാ പാലങ്ങളും ചൊവ്വാഴ്ച രാത്രി 12 മണിക്കകം തകർക്കും, എല്ലാ വൈദ്യുതി നിലയങ്ങളും കത്തി ചാമ്പലാക്കും, പൊട്ടിത്തെറിക്കും, ഒരിക്കലും ഉപയോഗിക്കാൻ കഴിയാത്ത വിധം നശിപ്പിക്കും — അതായത് സമ്പൂർണ തകർച്ച. മനസ്സുവെച്ചാൽ അതിന് നാലു മണിക്കൂർ മതിയെന്നും ട്രംപ് വൈറ്റ്ഹൗസിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
"പക്ഷേ തങ്ങൾ അത് ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. യു.എസ് ഇറാന്റെ പുനർനിർമാണത്തിൽ സഹായിച്ചേക്കാം. അതിനാൽ ചെലവേറിയ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാൻ ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ തന്‍റെ വാക്കുകൾ ഗൗരവമായി എടുക്കുന്നില്ല. ചർച്ചകൾ പരാജയപ്പെട്ടതോടെ തെഹ്റാനു സമീപമുള്ള ഒരു പ്രധാന പാലം ഏതാനും മിനിറ്റുകൾക്കുള്ളിൽ തകർത്തതും ട്രംപ് ഇറാനെ ഓർമിപ്പിച്ചു. ഇറാനിലെ സിവിലിയൻ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകർക്കുന്നത് യുദ്ധക്കുറ്റമാകില്ലേ എന്ന ചോദ്യത്തിന്, ആകില്ല, കാരണം ഇറാൻ കഴിഞ്ഞ മാസം 45,000 പേരെ കൊന്നൊടുക്കിയെന്നാണ് ട്രംപ് മറുപടി നൽകിയത്.
അതേസമയം, തെഹ്റാനിലടക്കം സിവിലിയൽ കേന്ദ്രങ്ങളിൽ യു.എസ്-ഇസ്രായേൽ സഖ്യം കനത്ത ആക്രമണം തുടരുകയാണ്. തെഹ്റാനിലും മറ്റും വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലബനാനിലും ഇസ്രായേലിന്‍റെ ആക്രമണം രൂക്ഷമാണ്.
ബുധനാഴ്ച പുലർച്ചെയാണ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കുന്നത്. 45 ദിവസത്തേക്ക് വെടിനിർത്തുകയും മൂന്നാഴ്ചക്കുള്ളിൽ സമഗ്രമായ സമാധാന കരാറിന് രൂപം നൽകുകയുമാണ് ഇപ്പോൾ ഉയർന്നിട്ടുള്ള ധാരണ. എന്നാൽ, യു.എസിന്റെ മാത്രം താൽപര്യങ്ങൾക്കനുസരിച്ചുള്ള കരാറിന് വഴങ്ങില്ലെന്നും ഹുർമുസിന്റെ നിയന്ത്രണം വിട്ടുനൽകില്ലെന്നും ഇറാൻ വ്യക്തമാക്കി. തങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായതിനാലാണ് നേരത്തെ ട്രംപ് സമർപ്പിച്ച 15 ഇന നിർദേശങ്ങൾ തള്ളിയതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മാഈൽ ബഗായ് പറഞ്ഞു. മുൻകാലങ്ങളിലെ സമാധാന കരാറുകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, കേവലം താൽക്കാലിക വെടിനിർത്തൽ എന്ന പരിഹാരം മതിയാകില്ലെന്നാണ് ഇറാന്റെ നിലപാട്
യുദ്ധം, വെടിനിർത്തൽ, ചർച്ചകൾ, വീണ്ടും സംഘർഷം എന്നിങ്ങനെ ആവർത്തിച്ചുവരുന്ന ‘മോശമായ അനുഭവങ്ങളുടെ’ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതെന്നും മന്ത്രാലയം പറയുന്നു. സമാധാന ചർച്ചകളോട് ജാഗ്രതയോടെയാണ് തുടക്കം മുതൽ ഇറാന്റെ പ്രതികരണം.

إرسال تعليق