ന്യൂഡൽഹി:
വിദേശ സംഭാവനകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന സ്വത്തുക്കളിൽ സർക്കാറിന് കൂടുതൽ നിയന്ത്രണാധികാരം നൽകുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ(എഫ്.സി.ആർ.എ) ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു.
പ്രതിപക്ഷം സഭയിൽ നടത്തിയ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഈ നീക്കത്തിൽ നിന്നും പിന്മാറിയത്. അതേസമയം വിവാദ ബില്ലിനെക്കുറിച്ച് ചോദിച്ചപ്പോൾ പഠിച്ച ശേഷം നിലപാടറിയിക്കാമെന്നാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചത്.
ലൈസൻസ് പുതുക്കി ലഭിക്കാതിരിക്കുകയോ റദ്ദായ ലൈസൻസ് പുനഃസ്ഥാപിക്കപ്പെടാതിരിക്കുകയോ ചെയ്താൽ സംഭാവന ഉപയോഗിച്ചുണ്ടാക്കിയ ആസ്തികൾ കേന്ദ്രസർക്കാറിന് ഏറ്റെടുക്കാൻ വ്യവസ്ഥയുള്ള ബിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനിടയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അവതരിപ്പിച്ചത്.
വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനും സമയപരിധി നിശ്ചയിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. കൂടാതെ സ്ഥിരമായി ഏറ്റെടുക്കുന്ന ആസ്തികൾ കേന്ദ്ര സർക്കാറിന് വിൽക്കുകയോ സർക്കാർ വകുപ്പുകൾക്ക് കൈമാറുകയോ ചെയ്യാം. വിറ്റുകിട്ടുന്ന പണം സർക്കാറിന്റെ സഞ്ചിത നിധിയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ആസ്തിയുടെ യഥാർഥ ഉടമസ്ഥരേഖയില്ലാതെ പോലും സർക്കാറിന് ഇത് കൈമാറ്റം ചെയ്യാൻ അധികാരമുണ്ടാകും.
നിലവിലെ നിയമത്തിൽ താൽക്കാലികമായി ഏറ്റെടുക്കാനും പ്രവർത്തിപ്പിക്കാനും മാത്രമാണ് അധികാരമുള്ളത്.
എഫ്.സി.ആർ.എ ബില്ലിനെതിരെ സഭക്കകത്തും പുറത്തും വൻ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് 12 മണിവരെ ലോക്സഭ നിർത്തിവെച്ചു. അതേസമയം, രാജ്യതാൽപര്യ പ്രകാരമാണ് ഭേദഗതിയെന്നും ബിൽ ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്നും കിരൺ റിജിജു സഭയിൽ പറഞ്ഞു.
എഫ്.സി.ആർ.എ വിഷയത്തിൽ ക്രൈസ്തവ സഭകളുടെ ആശങ്കകൾ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചിരുന്നു. ചങ്ങനാശ്ശേരി രൂപത ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിനെതിരെ കടുത്ത പ്രതികരണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഓർത്തഡോക്സ് സഭാ നേതൃത്വം ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചിരിക്കുന്നത്. സഭയുടെ സാമൂഹിക പ്രവർത്തനങ്ങളെ അപ്പാടെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നിയമഭേദഗതിയിലൂടെ വരാൻ പോകുന്നത്. കേന്ദ്രസർക്കാർ ഈ നീക്കം പുനപ്പരിശോധിക്കണമെന്നുള്ള ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനോട് അടക്കം ഇക്കാര്യത്തിൽ സഭാ നേതൃത്വം ആശങ്കകൾ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തിൽ ഉചിതമായ തീരുമാനമോ ഇടപെടലോ ബി.ജെ.പി നേതൃത്വത്തിന്റെ ഭാഗത്തുനിന്നോ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നോ ഉണ്ടാകുന്നില്ല എന്നും ഓർത്തഡോക്സ് സഭ അധ്യക്ഷൻ ചൂണ്ടിക്കാട്ടി.

إرسال تعليق