കൊച്ചി: വിമാനത്തിൽ പറക്കുക, ബംഗളൂരു ചുറ്റിക്കാണുക... എന്നിങ്ങനെ ചെറിയ ആഗ്രഹങ്ങൾ മാത്രമേ നെടുമ്പാശ്ശേരിയിൽനിന്ന് വിമാനം കയറുമ്പോൾ അവർക്കുണ്ടായിരുന്നുള്ളൂ. ആടിയും പാടിയും ആഹ്ലാദം നിറഞ്ഞ ആ യാത്ര കണ്ണീരിലവസാനിക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. ബംഗളൂരുവിലേക്ക് യാത്ര പുറപ്പെട്ട 56 പേരിൽ ജീവനോടെ തിരിച്ചുവരാൻ രണ്ടുപേരില്ല എന്നത് കൂട്ടത്തിലുള്ള പലർക്കും വിശ്വസിക്കാനായിട്ടില്ല.
എറണാകുളം രാമമംഗലം സ്വദേശികളായ കിഴുമുറി തെക്കേ പറമ്പിൽ രഘുവിന്റെ ഭാര്യ സ്മിത (48), രാമമംഗലം ആശുപത്രിപ്പടി മനയ്ക്കക്കുടിയിൽ ലത (53) എന്നിവർക്കാണ് ആശുപത്രി മതിൽ ഇടിഞ്ഞുവീണ് ദാരുണാന്ത്യമുണ്ടായത്. ബംഗളൂരുവിലെ ബൗ റിങ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയുടെ മതിലാണ് ഇടിഞ്ഞുവീണത്. രാമമംഗലം സ്വദേശികളായ മായ മണികണ്ടൻ, പ്രീതി, സിജി എന്നിവർക്ക് പരിക്കുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
എറണാകുളം കുടുംബശ്രീ മിഷനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ന്യൂട്രിമിക്സ് യൂനിറ്റിലെ അംഗങ്ങളായ 46 പേരും ജില്ല മിഷൻ കോഓഡിനേറ്റർ ഉൾപ്പെടെ 10 ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്. രാവിലെ 11.30ഓടെ ബംഗളൂരുവിൽ വിമാനമിറങ്ങി. ബുധനാഴ്ചയും വ്യാഴാഴ്ചയും നഗരം കണ്ട് വ്യാഴാഴ്ച തന്നെ തിരിച്ചുവരാനിരിക്കെയാണ് അപകടം. വൈകീട്ട് ഷോപ്പിങ്ങിനായി വിവിധ സംഘങ്ങളായി പോവുകയായിരുന്നു. രാമമംഗലം സ്വദേശികളായ അഞ്ചുപേർ ഷോപ്പിങ് നടത്തുന്നതിനിടെ കനത്ത
മഴയത്ത് കയറി നിന്ന ഭാഗത്തെ ഭിത്തി തകർന്നു വീണാണ് അപകടം. കർണാടക സ്വദേശികളടക്കം എട്ട് പേരാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്.
നിരവധി പേർക്ക് പരിക്കുണ്ട്. പൊലീസും അടിയന്തര സേവന ഉദ്യോഗസ്ഥരുമെത്തി രക്ഷാപ്രവർത്തനം നടത്തി. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങും സംഭവ സ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ നൽകുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.
വിമാനത്തിൽ കയറണം എന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു കുടുംബശ്രീ പ്രവർത്തകരിൽ പലർക്കും. ജില്ല മിഷൻ നേതൃത്വത്തോട് പലതവണ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടന്നിരുന്നില്ല. ഉദ്യോഗസ്ഥരുൾപ്പെടെ ഓരോരുത്തരും സ്വന്തം കൈയിൽനിന്ന് പണമെടുത്താണ് യാത്ര പുറപ്പെട്ടത്. ഇതിനായി ചെറിയ തുകകൾ മിച്ചം വെച്ചും സ്വരുക്കൂട്ടിയും കാത്തിരിക്കുകയായിരുന്നു പലരും. നിയമസഭ തെരഞ്ഞെടുപ്പും മറ്റു തിരക്കുകളും കഴിഞ്ഞതോടെ എല്ലാവരും യാത്രക്കൊരുങ്ങി. കുടുംബാംഗങ്ങളെയും മക്കളെയുമൊന്നും കൂട്ടാതെ രണ്ടു ദിവസത്തേക്ക് പുറപ്പെട്ട യാത്ര പക്ഷേ, ദുരന്തത്തിൽ കലാശിക്കുമെന്ന് ആരും കരുതിയില്ല. അനാമിക, അരുന്ധതി, ആവണി എന്നിവരാണ് സ്മിതയുടെ മക്കൾ. ലത അവിവാഹിതയാണ്.

Post a Comment