കൊച്ചി: സംഭാവനകൾ സ്വീകരിക്കാൻ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്​.സി.ആർ.എ) പ്രകാരമുള്ള രജിസ്ട്രേഷൻ പുതുക്കാത്തതിനെതിരായ ഹരജിയിൽ ഹൈകോടതി കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടി. കോഴിക്കോട് മുക്കം മുസ്‍ലിം ഓർഫനേജ് കമ്മിറ്റി നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ ബെച്ചു കുര്യൻ തോമസിന്‍റെ നടപടി.

വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമുള്ള രജിസ്​​ട്രേഷൻ 1985 ലാണ് സ്​ഥാപനത്തിന്​ ലഭിച്ചത്​. 2021ൽ രജിസ്ട്രേഷൻ പുതുക്കാൻ ഓർഫനേജ് കമ്മിറ്റി അപേക്ഷ നൽകിയെങ്കിലും മൂന്നുവർഷത്തിനുശേഷം 2024 കാരണം കാണിക്കാതെ തള്ളിയെന്ന്​ ഹരജിയിൽ പറയുന്നു. ഇതിനെതിരെ സർക്കാറിന്​ നൽകിയ റിവിഷൻ പെറ്റീഷനും തള്ളിയതിനെ തുടർന്നാണ്​ അഡ്വ. കെ.എ. ജലീൽ മുഖേന കോടതിയെ സമീപിച്ചത്​.

തങ്ങളെ കേൾക്കാതെയും കാരണം കാണിക്കാതെയുമാണ്​​ രജിസ്​ട്രേഷൻ പുതുക്കാനുള്ള അപേക്ഷ നിരസിച്ചതെന്നാണ്​ ഹരജിയിലെ വാദം.

1956ൽ സ്ഥാപിച്ച മുക്കം മുസ്‍ലിം ഓർഫനേജിന്​ കീഴിൽ അനാഥർക്കും പാവപ്പെട്ടവർക്കുംവേണ്ടി സ്‌കൂളുകളും കോളജുകളും നടത്തുന്നുണ്ട്​. താമസ സൗകര്യവും വസ്ത്രങ്ങളും ഭക്ഷണവും പഠനോപകരണങ്ങളും നൽകുന്നതിനൊപ്പം അനാഥർക്ക് വീടുകൾ നിർമിച്ചുനൽകുകയും ചെയ്യുന്നു. കാൻസർ, കിഡ്‌നി രോഗബാധിതർക്ക്​ സാമ്പത്തിക സഹായം നൽകുന്നതിന്​ പുറമെ കമ്മിറ്റി ഡയാലിസ് സെന്‍ററും നടത്തുന്നു​.

പൂർവ വിദ്യാർഥികളും സാമൂഹിക സംഘടനകളുമടക്കം വിദേശത്തുനിന്ന്​ നൽകുന്ന സംഭാവനയാണ്​ ഇക്കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
 
കടപ്പാട് : മാധ്യമം

Post a Comment

أحدث أقدم