​കോഴിക്കോട്: 
കേരളത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ശാരീരിക അക്രമങ്ങളും വധഭീഷണികളും ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും, ഇത്തരം സംഭവങ്ങളിൽ ഭരണകൂടം പുലർത്തുന്ന നിസ്സംഗത ഭരണഘടനയോടുള്ള കടുത്ത അനീതിയാണെന്നും ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്‌സൺസ് യൂണിയൻ (IRMU) സംസ്ഥാന കമ്മറ്റി പ്രസ്താവിച്ചു. സ്വതന്ത്രമായ മാധ്യമപ്രവർത്തനം ഇത്രയധികം വെല്ലുവിളികൾ നേരിടുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നും സംഘടന കുറ്റപ്പെടുത്തി.
​താമരശ്ശേരിയിൽ പ്രാദേശിക വാർത്തകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തകൻ മജീദ് താമരശ്ശേരിക്ക് നേരെ ഉയർന്നിരിക്കുന്ന വധഭീഷണി അതീവ ഗൗരവകരമാണ്. സത്യാവസ്ഥ വിളിച്ചുപറയുന്നവരുടെ നാവടപ്പിക്കാനുള്ള ഇത്തരം നീക്കങ്ങൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. അതുപോലെതന്നെ, ഗുരുവായൂരിൽ മുഖ്യമന്ത്രിയുടെ മകന്റെ ക്ഷേത്രദർശന ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ മാധ്യമപ്രവർത്തകൻ രാജു ഗുരുവായൂരിന് നേരെയുണ്ടായ കൈയേറ്റവും അക്രമവും അംഗീകരിക്കാനാവില്ല. പൊതുസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തര വകുപ്പിന് സാധിക്കുന്നില്ല എന്നതിന്റെ തെളിവുകളാണിത്.
​വാർത്താശേഖരണത്തിനിറങ്ങുന്നവർക്ക് നേരെ ഗുണ്ടായിസവും ഭീഷണിയും ഉണ്ടാകുമ്പോൾ നടപടി എടുക്കേണ്ട ഭരണസംവിധാനം നിശബ്ദത പാലിക്കുന്നത് കുറ്റവാളികൾക്ക് നൽകുന്ന പ്രോത്സാഹനമാണ്. ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും യൂണിയൻ ചൂണ്ടിക്കാട്ടി.
​ഭീഷണി നേരിടുന്ന മജീദ് താമരശ്ശേരിക്കും, അക്രമത്തിന് ഇരയായ രാജു ഗുരുവായൂരിനും IRMU പൂർണ്ണമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. മാധ്യമപ്രവർത്തകർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഐ ആർ എം യൂ തീരുമാനിച്ചു.സംസ്ഥാന പ്രസിഡന്റ് പി.കെ ഹാരിസ് അധ്യക്ഷനായി.ജനറൽ സെക്രട്ടറി ഡി. ദീപേഷ് ബാബു, വൈസ് പ്രസിഡന്റ്മാരായ കുഞ്ഞബ്ദുള്ളവാളൂർ, പ്രസാദ് കാടാങ്കോട്, സെക്രട്ടറിമാരായ യൂ ടി ബാബു, പ്രിയേഷ് കുമാർ, കെ പി അഷ്‌റഫ്‌, ജോഷി ജോസഫ്,സജേഷ് ചന്ദ്രൻ സംസാരിച്ചു.

Post a Comment

أحدث أقدم