കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് എം.എൽ.എ ഓഫീസുമായും ജനപ്രതിനിധികളുമായും കൂടുതൽ കാര്യക്ഷമമായി ആശയവിനിമയം നടത്തുന്നതിനായി ആരംഭിച്ച 'ഫിർസേ' മൊബൈൽ ആപ്പിൽ ലഭിച്ച ആദ്യ പരാതിക്ക് പരിഹാരം കണ്ടതായി പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം വാടിക്കൽ സ്വദേശിയായ അഫീഫ് ഫിർസേ ആപ്പിലൂടെ നൽകിയ പരാതിയെത്തുടർന്നാണ് അടിയന്തര ഇടപെടൽ നടത്തിയത്. ജന്മനാ തലസീമിയ രോഗബാധിതനായ അഫീഫ് കഴിഞ്ഞ വർഷങ്ങളായി വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ചികിത്സയുടെ ഭാഗമായി ദീർഘകാലം ആശുപത്രിവാസം അനുഭവിക്കേണ്ടി വന്നതും ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സഞ്ചാരസ്വാതന്ത്ര്യം പരിമിതപ്പെട്ടതുമായ സാഹചര്യത്തിലാണ് സഹായം അഭ്യർഥിച്ച് പരാതി നൽകിയത്.
പരാതി ലഭിച്ചതിന് പിന്നാലെ എം.എൽ.എ ഓഫീസ് വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുകയും കുടുംബത്തിന്റെ സാഹചര്യം നേരിട്ട് വിലയിരുത്തുകയും ചെയ്തു. തുടർന്ന് അഫീഫിന്റെ ദൈനംദിന ജീവിതത്തിനും സഞ്ചാര സൗകര്യത്തിനും സഹായകരമാകുന്ന ഇലക്ട്രോണിക് വീൽചെയർ വാങ്ങി നൽകാൻ തീരുമാനിക്കുകയായിരുന്നു. പി.കെ. ഫിറോസ് എം.എൽ.എ നേരിട്ട് വീൽചെയർ കൈമാറി.
വീൽചെയർ കൈമാറ്റ ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി, വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ, വാർഡ് മെമ്പർ ഖദീജ സത്താർ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എ.കെ. കൗസർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സത്താർ പള്ളിപ്പുറം, മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് കെ.പി. റഹീം, കോൺഗ്രസ് വാർഡ് പ്രസിഡന്റ് പി.വി. മുഹമ്മദ്, സി.പി. കാദർ, കെ.കെ. അബ്ദുള്ള, ഫസൽ തച്ചംപൊയിൽ, സലീന ഖാലിദ്, കെ.പി. നാസർ, നാസർ ബാവി എന്നിവർ പങ്കെടുത്തു.
ഫിർസേ ആപ്പിലൂടെ ലഭിച്ച ആദ്യ പരാതിക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞത് വലിയ ചാരിതാർത്ഥ്യം ഉണ്ടെന്ന് പി.കെ. ഫിറോസ് എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.

إرسال تعليق