മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. ഹജ്ജിന്റെ ആദ്യ ദിനമായ ‘യൗമുത്തുർവിയ്യ’യിൽ (തർവിയാ ദിനം) പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് തീർഥാടകർ ഇന്ന് രാത്രി മുതൽ പുണ്യനഗരിയായ മിനായിലേക്ക് പുറപ്പെടും. മക്കയിലെ തങ്ങളുടെ താമസകേന്ദ്രങ്ങളിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അല്ലാഹുവിന്റെ അതിഥികൾ മിനാ താഴ്വര ലക്ഷ്യമാക്കി നീങ്ങുക.

ഇത്തവണ 15 ലക്ഷത്തിലധികം വിദേശ തീർഥാടകർ ഉൾപ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഹജ്ജ് നിർവഹിക്കാൻ പുണ്യഭൂമിയിൽ എത്തിയിരിക്കുന്നത്. ആഭ്യന്തര തീർഥാടകരും തിങ്കളാഴ്ച വൈകുന്നേരത്തോടെ പുണ്യഭൂമിയിൽ പൂർണമായി എത്തിച്ചേരും. ഹജ്ജിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമം ചൊവ്വാഴ്ചയാണ്. മിനായിൽ ഒരു ദിവസം രാപ്പാർത്ത ശേഷം തീർഥാടകർ അറഫയിലേക്ക് നീങ്ങും.

ചൊവ്വാഴ്ച പകൽ മുഴുവൻ അറഫയിൽ പ്രാർത്ഥനാനിരതരായ ശേഷം, അസ്തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാർ അന്ന് രാത്രി അവിടെ അന്തിയുറങ്ങും. ബുധനാഴ്ച രാവിലെ വീണ്ടും മിനായിൽ തിരിച്ചെത്തി, അവിടെ മൂന്ന് ദിവസത്തെ രാപ്പാർപ്പും ബലി കർമവും ജംറകളിലെ കല്ലേറും പൂർത്തിയാക്കുന്നതോടെ ഹജ്ജ് കർമങ്ങൾക്ക് സമാപനമാകും.ഇന്ത്യയിൽ നിന്ന് ഇത്തവണ 1,22,518 തീർഥാടകരാണ് ഹജ്ജ് നിർവഹിക്കാനെത്തിയത്. ഇതിൽ 13,194 പേർ കേരളത്തിൽ നിന്നുള്ളവരാണ്.
 

Post a Comment

Previous Post Next Post