തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. വൈകുന്നേരത്തോടെ ബോട്ടുകൾ കരക്കടുപ്പിക്കും. ഇനി 52 ദിവസം ബോട്ടുകൾക്ക് വിശ്രമത്തിന്‍റെയും അറ്റകുറ്റപ്പണികളുടെയും നാളുകളാണ്. ബുധനാഴ്ച മുതൽ ചെറുവള്ളങ്ങളായിരിക്കും കടലിലിറങ്ങുക. ജോലിയില്ലാത്തതിനാൽ ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളടക്കം പതിനായിരങ്ങൾ പ്രതിസന്ധിയിലാവും. യന്ത്രവത്കൃത ബോട്ടുകൾക്കാണ് നിരോധനം ബാധകമാവുക.

ചെറുവള്ളങ്ങൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും കടലിൽ പോകാം. ജൂലൈ 31 അർധരാത്രി വരെയാണ് ട്രോളിങ് നിരോധനം. തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പീലിങ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പുമായി സഹകരിച്ച് നടപടി സ്വീകരിച്ചതായി ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.

2007ലെ ഉപരിതല മത്സ്യബന്ധന നിയന്ത്രണ-സംരക്ഷണ നിയമം നിലവിലുള്ളതിനാല്‍ സംസ്ഥാന തീരക്കടലില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമുണ്ടാകില്ല. പശ്ചിമ തീരത്തെ പ്രത്യേക സാമ്പത്തിക മേഖലയായ എക്സ്ക്ലൂസീവ് ഇകണോമിക് സോണിൽ ജൂലൈ 31 വരെ 61 ദിവസത്തേക്ക് പരമ്പരാഗത യാനങ്ങള്‍ ഒഴികെയുള്ള എല്ലാ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post