സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഇന്ന് എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ അതിക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം.
ഓറഞ്ച് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Post a Comment