കൊൽക്കത്ത: പന്ത്രണ്ടാമത് അന്തരാഷ്ട്രയോഗ ദിനത്തിന്‍റെ ദേശീയതല ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഞായറാഴ്ച രാവിലെ കൊൽക്കത്തയിലെ റെഡ് റോഡിൽ നടന്ന ചടങ്ങിൽ വിശിഷ്ട വ്യക്തികളും യോഗാചാര്യന്മാരും പങ്കെടുത്തു. `ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ' എന്ന പ്രമേയത്തിലാണ് ഈ വർഷം അന്താരാഷ്ട്ര യോഗ ദിനം ആഗോളതലത്തിൽ ആചരിക്കുന്നത്. സജീവവും ആരോഗ്യകരവുമായ ജീവിതത്തിന്‍റെ പ്രധാന്യം ആഗോളതലത്തിൽ വർധിച്ചുവരുന്നതിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പ്രായമായവരുടെ എണ്ണം വർധിക്കുകയും ജീവിതശൈലീ രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ആയുസ്സ് വർധിപ്പിക്കുന്നതിനേക്കാൾ ഉപരിയായി ആരോഗ്യപ്രദമായ ജീവിതത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്താനുമാണ് മുൻഗണന നൽകുന്നത്.
അതേ സമയം യോഗ ലോകത്തിലെ തന്നെ ആഘോഷമായി മാറിയിരിക്കുകയാണെന്നും രാജ്യങ്ങൾക്കും സംസ്കാരങ്ങൾക്കും അപ്പുറത്ത് ആളുകളെ ഇത് ഒന്നിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. `ഭൂമിയിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമായ ജൂൺ 21 യോഗ ദിനം ഇപ്പോൾ ഏറ്റവും വലിയ ആഘോഷമായി മാറിയിരിക്കുന്നു. യോഗ ആളുകളെ പരസ്പരം ഒന്നിപ്പിക്കുന്നു. ഈ അവസരത്തിൽ ലോകത്തിലെ എല്ലാ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു' അദ്ദേഹം കൂട്ടി ചേർത്തു. ഈ വർഷത്തെ യോഗദിന പ്രമേയത്തെക്കുറിച്ച് പരാമർശിച്ച മോദി ശാരീരിക ആരോഗ്യം, മാനസിക ഉന്മേഷം, സജീവമായ വാർദ്ധക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും
അതുവഴി ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും യോഗ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും പറഞ്ഞു. `യോഗ എന്നത് കേവലം ഒരു ശാരീരിക വ്യായാമം മാത്രമല്ല. അത് ഒരു പ്രത്യേക പ്രായക്കാർക്കായി മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നതുമല്ല. അത് മനുഷ്യന്റെ ആത്മചൈതന്യത്തിന്റെ പ്രകടനമാണ്' പ്രധാനമന്ത്രി കൂട്ടി ചേർത്തു.

Post a Comment