പി.എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം കേന്ദ്ര സർക്കാർ നയങ്ങൾക്ക് മുന്നിലെ കീഴടങ്ങലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരഞ്ഞെടുപ്പിന് മുൻപ് ഈ പദ്ധതിയെ വലിയ വിവാദമാക്കുകയും എൽഡിഎഫ് ബിജെപിയുമായി ‘ഡീൽ’ ഉണ്ടാക്കിയെന്ന് ആക്ഷേപിക്കുകയും ചെയ്ത യുഡിഎഫ്, ഇപ്പോൾ അതേ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതി അറബിക്കടലിൽ കളയുമെന്ന് പ്രഖ്യാപിച്ച യുഡിഎഫ് ഇപ്പോൾ അത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് കേന്ദ്രത്തിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണ്. എൽഡിഎഫ് കേന്ദ്ര നയങ്ങൾക്ക് കീഴടങ്ങിയെന്ന് മുൻപ് പ്രചരിപ്പിച്ചവർ ഇപ്പോൾ സ്വന്തം നയമാറ്റത്തിന് മറുപടി പറയണം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എസ്.എസ്.കെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചത് വിദ്യാഭ്യാസ മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ് അന്ന് ധാരണാപത്രം ഒപ്പിട്ടത്. ധാരണാപത്രം ഒപ്പിട്ടെങ്കിലും ഒരു മാസത്തിനുള്ളിൽ തന്നെ അത് പൂർണ്ണമായി മരവിപ്പിക്കാനാണ് എൽഡിഎഫ് തീരുമാനിച്ചത്. പദ്ധതിയുടെ ഭാഗമായുള്ള സ്കൂളുകളുടെ പട്ടിക തയ്യാറാക്കുകയോ കേന്ദ്രത്തിന് കൈമാറുകയോ ചെയ്തിരുന്നില്ല. നവംബർ 12-ന് തന്നെ ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു.
പുതിയ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച സാഹചര്യത്തിൽ, കേന്ദ്രത്തിൽ നിന്ന് എന്തെങ്കിലും പുതിയ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. പദ്ധതിയിൽ നിന്ന് പിന്മാറരുതെന്ന് സർക്കാരിന് നിയമപദേശം ലഭിച്ചിട്ടുണ്ടോ എന്നും യുഡിഎഫ് നേതൃത്വം വിശദീകരിക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പി.എം ശ്രീ പദ്ധതിയുടെ ഭാഗമാണെന്നും, കേരളത്തിലും അത് നടപ്പിലാക്കാനാണ് യുഡിഎഫ് നീക്കമെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാന സർക്കാർ മുൻകൈ എടുത്താൽ മാത്രമേ ഈ പദ്ധതി നടപ്പിലാകൂ എന്നിരിക്കെ, യുഡിഎഫിന്റെ ഈ നയമാറ്റത്തിന്റെ യഥാർത്ഥ കാരണങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment