മേജർ രവിയുടെ അരോപണത്തിനെതിരെ പരാതി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയത്. ഇന്നസെൻറിന് അന്തിമോപചാരം അർപ്പിക്കാൻ വൻവാഹന വ്യൂഹത്തിൻെറ അകമ്പടിയോടെ എത്തിയെന്ന ആരോപണത്തിലാണ് പരാതി.
നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജർ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ പരാമർശവും തുടർന്ന് നടന്ന നവ മാധ്യമ പ്രചാരണവും അന്വേഷിക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത് എന്നായിരുന്നു മേജർ രവിയുടെ പരാമർശം. ഇതേ തുടർന്ന് നിരവധി നവമാധ്യമ ഹാൻഡിലുകൾ കൃത്രിമമായി ദൃശ്യങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ചു.
സംഭവ ദിവസത്തെ യഥാർത്ഥ ദൃശ്യങ്ങളുടെയും കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ച പോസ്റ്റുകളുടെ ലിങ്കുകളും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്. കുറ്റകരവും അപകീർത്തികരവുമായ നവമാധ്യമ പ്രചാരണത്തിനും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികൾകെതിരെ ശിക്ഷാ നടപടി ഉറപ്പാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

Post a Comment