തിരുവനന്തപുരം:
മൂന്ന് അലോട്ട്മെന്‍റുകൾ പ്രകാരമുള്ള പ്രവേശന നടപടികൾക്ക് ശേഷം സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങാനിരിക്കെ, മലപ്പുറത്ത് 13,500ലധികം കുട്ടികൾക്ക് ഈ വർഷം പഠിക്കാനാവില്ല. പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലും ആയിരക്കണക്കിന് കുട്ടികൾ പുറത്താകും. ബാക്കിയുള്ള സീറ്റുകളിൽ കൂടി പ്രവേശനം നൽകിയാലാണ് ഈ അവസ്ഥ.
അതേസമയം, തെക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ സ്ഥിതി വ്യത്യസ്തമാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ബാക്കിയുള്ള അപേക്ഷകരുടെ എണ്ണത്തേക്കാൾ കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളും കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടകളിൽ അവശേഷിക്കുന്ന സീറ്റുകളിലുമാണ് ഇനി പ്രവേശനം നൽകുക.
സർക്കാർ പുറത്തുവിട്ട ജില്ല തിരിച്ചുള്ള കണക്കുകൾ പ്രകാരം മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കുന്നത്. ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന മലപ്പുറം ജില്ലയിൽ 82,753 അപേക്ഷകരുള്ളതിൽ ഇതുവരെ പ്രവേശനം ലഭിച്ചത് 64,393 പേർക്ക് മാത്രമാണ്. ജില്ലയിൽ അവശേഷിക്കുന്ന 4,812 സീറ്റുകളിൽ കൂടി പ്രവേശനം നൽകിയാലും 13,548 കുട്ടികൾക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്
സമാനമായ അവസ്ഥ തന്നെയാണ് പാലക്കാട് ജില്ലയിലുമുള്ളത്. ഇവിടെ 44,147 അപേക്ഷകരുള്ളപ്പോൾ 30,517 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ബാക്കിയുള്ള 2,028 സീറ്റുകൾ കൂടി കണക്കിലെടുത്താലും 11,602 പേർ ഇനിയും പുറത്തുനിൽക്കേണ്ടി വരും. കോഴിക്കോട് ജില്ലയിൽ 11,547 പേർ പ്രവേശനം കാത്തുനിൽക്കുന്നുണ്ടെങ്കിലും ലഭ്യമായ സീറ്റുകളുടെ എണ്ണം വെറും 3,409 മാത്രമാണ്. കണ്ണൂരിൽ 6,514 പേരും കാസർകോട് 3,853 പേരും പ്രവേശനത്തിനായി കാത്തിരിക്കുകയാണ്. വയനാട് ജില്ലയിൽ ലഭ്യമായ 906 സീറ്റുകളിലേക്ക് 1,779 പേരാണ് ഇനിയും പ്രവേശനം നേടാനുള്ളത്.
അതേസമയം, തിരുവനന്തപുരത്ത് 1,343 പേർ പ്രവേശനം കാത്തിരിക്കുമ്പോൾ 3,043 സീറ്റുകൾ ഇനിയും ഒഴിവുണ്ട്. പത്തനംതിട്ടയിൽ 1,728 പേർക്ക് 2,737 സീറ്റുകളും കോട്ടയത്ത് 2,178 പേർക്ക് 2,390 സീറ്റുകളും ലഭ്യമാണ്.
മറ്റ് ജില്ലകളിലെ കണക്കുകൾ:
തൃശൂർ: 8,013 പേർ ബാക്കി, ലഭ്യമായ സീറ്റുകൾ 3,476.
എറണാകുളം: 6,242 പേർ ബാക്കി, ലഭ്യമായ സീറ്റുകൾ 3,706.
കൊല്ലം: 4,765 പേർ ബാക്കി, ലഭ്യമായ സീറ്റുകൾ 3,081.
ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 3,59,890 പേർ പ്രവേശനം നേടിയിട്ടുണ്ട്. ഇതിൽ 1,83,570 പേർ സർക്കാർ സ്കൂളുകളിലെ മെറിറ്റ് സീറ്റിലും 1,31,967 പേർ എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് സീറ്റുകളിലുമാണ്. 16,584 പേർ എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ് ക്വാട്ടയിലും 19,674 പേർ കമ്യൂണിറ്റി ക്വാട്ടയിലുമാണ് പ്രവേശനം നേടിയത്. 10,589 പേർ അൺഎയ്ഡഡ് സ്കൂളുകളിലും പ്രവേശനം നേടി. 1,191 പേർ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും പ്രവേശനം നേടി.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ഇനി 12,226 മെറിറ്റ് സീറ്റുകളാണ് ബാക്കിയുള്ളത്. പ്രവേശന നടപടികൾ പുരോഗമിക്കുന്ന മാനേജ്മെന്റ് ക്വാട്ടയിൽ 21,747 സീറ്റും കമ്യൂണിറ്റി ക്വാട്ടയിൽ 4,118 സീറ്റും ബാക്കിയുണ്ട്. അവശേഷിക്കുന്ന മെറിറ്റ് സീറ്റുകളിലേക്ക് സപ്ലിമെന്‍ററി അലോട്ട്മെന്റ് നടത്തും. ഈ മാസം 13ന് സപ്ലിമെന്‍ററി അലോട്ട്മെന്റ് നടപടികൾ തുടങ്ങും. നിലവിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ അപേക്ഷ പുതുക്കി നൽകണം. നേരത്തെ അപേക്ഷിക്കാത്തവർക്ക് ഈ ഘട്ടത്തിൽ പുതുതായി അപേക്ഷ സമർപ്പിക്കാം.
ആകെ അപേക്ഷകർ, സർക്കാർ -എയ്ഡഡ് സ്കൂളുകളിൽ ലഭ്യമായ ആകെ സീറ്റുകൾ, മൊത്തം പ്രവേശനം നേടിയവർ, അവശേഷിക്കുന്ന സീറ്റുകൾ എന്നിവ ജില്ല തിരിച്ച്:
തിരുവനന്തപുരം 31658, 31321, 30315, 3043
കൊല്ലം 29935, 27360, 25170, 3081
പത്തനംതിട്ട 12093, 12800, 10365, 2737
ആലപ്പുഴ 22980, 22470, 19710, 3111
കോട്ടയം 19706, 18900, 17528, 2390
ഇടുക്കി 11458, 10300, 9798, 1232
എറണാകുളം 34861 , 30970, 28619, 3706
തൃശൂർ 38628 , 33360, 30615, 3476
പാലക്കാട് 44147, 31540, 30517, 2028
മലപ്പുറം 82753 , 67455, 64393, 4812
കോഴിക്കോട് 47049, 38430, 35502, 3409
വയനാട് 11814 , 10475, 10035, 906
കണ്ണൂർ 37241, 33265, 30727, 2846
കാസർകോട് 20449, 15925, 16596, 1384"

Post a Comment