പട്ന: നീറ്റ് 2026 പരീക്ഷാ ക്രമക്കേടിനെതിരെ ബിഹാറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ എ.കെ 47 റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ജൂലൈ 25ന് സിവാൻ ജില്ലയിൽ നടന്ന ‘ബിഹാർ ബന്ദ്’ പ്രതിഷേധത്തിനിടെയുണ്ടായ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും ആഹ്വാനം ചെയ്ത ബന്ദിനിടെ പട്ന, സിവാൻ, ഛപ്ര എന്നിവയുൾപ്പെടെ വിവിധ ജില്ലകളിൽ പ്രതിഷേധം അക്രമാസക്തമായിരുന്നു. പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതക പ്രയോഗവും ലാത്തിചാർജും നടത്തി. എന്നാൽ, പ്രതിഷേധക്കാർ പിരിഞ്ഞുപോകാതായതോടെ ഒരു പൊലീസുകാരൻ എ.കെ 47 റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ സർക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള നടപടി സ്വീകരിച്ചത്.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അച്ചടക്ക നടപടികളോ നിയമ നടപടികളോ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
പ്രതിഷേധത്തിനിടെ മൂന്ന് പേർക്ക് വെടിയേറ്റിരുന്നു. ചികിത്സയിൽ കഴിയുന്നവരിൽ 15കാരനായ ആരിഫും ഉൾപ്പെടുന്നു. ബന്ദിനിടെ കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കഴുത്തിൽ വെടിയേറ്റതെന്ന് കുടുംബം പറഞ്ഞു. ശസ്ത്രക്രിയയിലൂടെ വെടിയുണ്ട നീക്കം ചെയ്തതായും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
പട്‌നയിലെ ഗാന്ധി മൈതാനത്തും വിദ്യാർഥി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധ മാർച്ചിനിടെ കല്ലേറുണ്ടായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചു. കല്ലേറിലും ലാത്തിച്ചാർജിലും നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു. സിവാൻ, ഔറംഗബാദ്, പട്ന, ഭഗൽപൂർ, ഛപ്ര തുടങ്ങിയ സ്ഥലങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് തെരുവിലിറങ്ങിയത്.
ജൂലൈ 25ന് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ബിഹാർ ബന്ദ് ആചരിച്ചിരുന്നു. മുൻ ബിഹാർ മന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജ് പ്രതാപ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗാന്ധി മൈതാനത്ത് എത്തിയപ്പോഴാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

Post a Comment