കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ 13, 14 വാർഡുകളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രത്യേക യോഗം ചേർന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, മെഡിക്കൽ ഓഫീസർ ഡോ. പി. കെ. ദിവ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിസാറാബീഗം, ആയിഷാബി ഷിയാസ്, ജെയിംസ് വേളാശേരി, രത്നാ രാജേഷ്, തോമസ് പാണ്ട്യാലപടവിൽ, സക്കീന സലീം, ലീലാമ്മ ദേവസ്യ, ഷീബ റോയ്, ആയ്യുർവേദ ഡോ. പി വൃന്ദ, ഹോമിയോ ഡോക്ടർ ഡോ.അഞ്ജലി, ഹെൽത്ത് ഇൻസ്പെക്ടർ കെ. ബി. ശ്രീജിത്ത്, ബാബു ചെല്ലന്തറയിൽ, ടോമി പ്ലാത്തോട്ടം, ജയേഷ് സ്രാമ്പിക്കൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
മഞ്ഞപ്പിത്തത്തിന്റെ വ്യാപനം തടയുന്നതിനായി പഞ്ചായത്തിലെ വിവിധ മേഖലകളിൽ അടിയന്തരവും ശക്തവുമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.
അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തുകയും ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ചെയ്യും. ഹോട്ടലുകൾ, കൂൾബാറുകൾ, സ്കൂൾ കാന്റീനുകൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കാനും ഭക്ഷണ-പാനീയങ്ങളുടെ ശുചിത്വം ഉറപ്പുവരുത്താനും തീരുമാനിച്ചു.
കുടിവെള്ള സ്രോതസ്സുകളുടെ ശുചിത്വ പരിശോധന, പരിസര ശുചീകരണം, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയും ഊർജിതമാക്കും.
മഞ്ഞപ്പിത്തം പടരാതിരിക്കാൻ ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കുക, ഭക്ഷണത്തിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക, വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സ നടത്താതെ ഉടൻ ആരോഗ്യപ്രവർത്തകരെ സമീപിക്കണമെന്നും, മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുവൻ ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

Post a Comment