ന്യൂഡൽഹി: കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യത്തെ വിദ്യാർഥികളുടെ വിജയമാണെന്ന് എസ്എഫ്ഐ. പൊലീസിനെ ഉപയോഗിച്ച് വിദ്യാർഥികൾക്കുനേരെ ക്രൂരമായ ആക്രമണം നടത്തിയിട്ടും മോദിസർക്കാരിന് പ്രക്ഷോഭകർക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു.
പ്രക്ഷോഭത്തിൽ അണിനിരന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും പ്രതിഷേധപ്രകടനങ്ങൾ വിജയാഹ്ലാദപ്രകടനങ്ങളാക്കാൻ ആഹ്വാനം ചെയ്യുന്നുവെന്നും എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ അറിയിച്ചു.
പ്രക്ഷോഭത്തിലുയർത്തിയ എൻടിഎ പിരിച്ചുവിടുക, എൻഇപി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എസ്എഫ്ഐ മുന്നോട്ടുപോകുമെന്നും എസ്എഫ്ഐ നേതൃത്വം വ്യക്തമാക്കി.
നീറ്റ് പരീക്ഷാക്രമക്കേടിൽ രണ്ട് മാസത്തോളമായി തുടർന്ന യുവജനപ്രക്ഷോഭത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെയാണ് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജിക്കത്ത് കൈമാറി. പ്രധാന്‍റെ രാജിയിലൂടെ രാജ്യമാകെ അലയടിച്ച വിദ്യാര്‍ഥി-യുവജന പ്രക്ഷോഭം ഐതിഹാസിക വിജയമാണ് കൈവരിച്ചത്.

Post a Comment