ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ആഹ്ലാദാരവങ്ങൾ മുഴങ്ങുകയാണ്. രാജി "ജനാധിപത്യത്തിന്റെ വിജയം" എന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത്ത് ദിപ്കെ പ്രതികരിച്ചു. സർക്കാറിനെ നടപടി എടുക്കാൻ പ്രേരിപ്പിച്ചത് വിദ്യാർഥികളുടെ നിരന്തരമായ പ്രതിഷേധങ്ങളാണെന്നും അഭിജിത് വ്യക്തമാക്കി. പ്രതിഷേധ സ്ഥലത്ത് തടിച്ചുകൂടിയ നൂറുകണക്കിന് ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടായ്മയുടെയും സമാധാനപരമായ ജനാധിപത്യ പ്രതിരോധത്തിന്‍റെയും ശക്തിയാണ് ഈ രാജി തെളിയിക്കുന്നതെന്ന് ദിപ്കെ പറഞ്ഞു. അധികാരികളെ സാധാരണക്കാരായ പൗരന്മാരോട് ഉത്തരവാദിത്തമുള്ളവരാക്കാൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞുവെന്ന് ദിപ്കെ പറഞ്ഞു.
ധർമേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുന്നു. നിങ്ങൾ ഭയപ്പെടുന്നില്ലെങ്കിൽ, ഈ സർക്കാറിന് മുന്നിൽ തലകുനിക്കുന്നില്ലെങ്കിൽ ആരുടെ രാജി വേണമെങ്കിലും നമുക്ക് വാങ്ങാൻ കഴിയുമെന്നതിന്റെ തെളിവാണ് ഈ രാജി," ദിപ്കെ ജനക്കൂട്ടത്തോട് പറഞ്ഞു.
മന്ത്രിയുടെ രാജി സമരത്തിന്‍റെ ഒരു ലക്ഷ്യം മാത്രമാണെന്നും പ്രതിഷേധക്കാർ ഉറച്ചുനിൽക്കണമെന്നും ദിപ്കെ ആവശ്യപ്പെട്ടു. സർക്കാർ പരിഹരിക്കേണ്ട മറ്റ് രണ്ട് ആവശ്യങ്ങൾ കൂടി അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം, ജൂലായ് 20ന് നടന്ന പ്രതിഷേധത്തിൽ അതിക്രമം കാണിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം ഇവയാണ് മറ്റ് രണ്ട് ആവശ്യങ്ങൾ. നീറ്റ് പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ പേരുകൾ വൈകാരികമായി ഓർത്തെടുത്ത ദിപ്കെ, അവരുടെ സ്മരണക്കായി രണ്ട് മിനിറ്റ് മൗനം ആചരിക്കാൻ ഏവരോടും അഭ്യർഥിച്ചു.
കേന്ദ്ര സർക്കാരും സി.ജെ.പിയും തമ്മിൽ മൂന്നാം ഘട്ട ചർച്ചകൾ നടക്കാനിരുന്നതിന് തൊട്ടുമുമ്പാണ് പ്രധാന്‍റെ രാജി വാർത്ത എത്തിയത്. വിദ്യാർഥികളുടെ താൽപ്പര്യങ്ങൾ മുൻനിർത്തിയും ദേശവിരുദ്ധ ശക്തികൾ സാഹചര്യം മുതലെടുക്കുന്നില്ല എന്ന് ഉറപ്പാക്കാനുമാണ് താൻ പദവി ഒഴിയാൻ തീരുമാനിച്ചതെന്ന് രാജി കത്തിൽ പ്രധാൻ വ്യക്തമാക്കിയിരിക്കുന്നത്. ഒരു ദേശീയ പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് തുടർച്ചയായ ജനകീയ പ്രതിഷേധങ്ങൾക്കും കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തിനും ഇടയിൽ മോദി സർക്കാറിലെ ഒരു സീനിയർ മന്ത്രി പടിയിറങ്ങുന്നത് അപൂർവമായ ഒരു സംഭവമാണ്.

Post a Comment