തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലുമുള്ളവർ കർശന കരുതൽ എടുക്കണം.
നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.
അതിതീവ്ര മഴയെത്തുടർന്നുണ്ടായ വിവിധ ദുരന്തങ്ങളിൽ സംസ്ഥാനത്ത് എട്ട് പേർ മരിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളിൽ രാത്രി പെയ്ത ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്.
കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിൽ നാല് പേർ ജീവൻ വെടിഞ്ഞു.
പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതിയും മരണപ്പെട്ടു.
മലപ്പുറത്ത് തോട്ടിൽ വീണ് രണ്ട് കുട്ടികളാണ് ദാരുണമായി മരിച്ചത്. വണ്ടൂർ എറിയാട് തോട്ടിൽ ഒഴുക്കിൽപെട്ട് മൂന്ന് വയസുകാരൻ അബ്ദുൽ മുഹൈനിയും, കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാലു വയസ്സുകാരൻ ആദം അയ്മനുമാണ് മരിച്ചത്. ഇടുക്കി കോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും,
വയനാട് പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കവേ മാഞ്ഞൂർ സ്വദേശി ബെന്നിയും ഷോക്കേറ്റ് മരിച്ചു.
കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞു കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കാണാതായ മറ്റൊരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Post a Comment