തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
പമ്പ ത്രിവേണിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ പമ്പയുടെ ഇരുകരകളിലുമായി താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
40 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്.
കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്കി. മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് 190 മീറ്റര്‍ എത്തിയാല്‍ ഡാം തുറന്നുവിടാന്‍ നിര്‍ദേശമുണ്ട്.
ജില്ലയില്‍ അതിതീവ്രമഴയാണെന്നും ആളുകള്‍ ഉടന്‍ തന്നെ മാറിതാമസിക്കണമെന്നും മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. മൂഴിയാര്‍ ഡാം തുറക്കാന്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റാന്നിയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
മഴക്കെടുതിയിൽ ഞായറാഴ്ച അഞ്ച് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് രണ്ടു ദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. വിവിധ ജില്ലകളിലായി ആറു പേരെ കാണാനില്ലെന്നാണ് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
കണ്ണൂർ കൂത്തുപറമ്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ് (45), തിരുവനന്തപുരത്ത് വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിൽനിന്ന് കാണാതായ മത്സ്യത്തൊഴിലാളികളായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൻ (26), അടിമലത്തുറ സ്വദേശി ആന്റണി (60), പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഭാനുപ്രിയ (40), കുളത്തിൽ വീണ് ബിരുദ വിദ്യാർഥിയായ മലപ്പുറം മഞ്ചേരി കരിക്കാട് സ്വദേശി ശ്രീഹരി (19) എന്നിവരാണ് മരിച്ചത്.

Post a Comment