ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾക്കും ബലപ്പെടുത്തലിനും കേരളം ബോധപൂർവം തടസ്സം നിൽക്കുകയാണെന്ന് ആരോപിച്ച് തമിഴ്‌നാട് സർക്കാർ സുപ്രിം കോടതിയിൽ തൽസ്ഥിതി റിപ്പോർട്ടും സത്യവാങ്മൂലവും സമർപ്പിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുന്നതിലും 'എമർജൻസി ആക്ഷൻ പ്ലാൻ' തയ്യാറാക്കുന്നതിലും കേരളത്തിന്റെ ഭാഗത്തുനിന്ന് കടുത്ത നിസ്സഹകരണമാണുണ്ടാകുന്നതെന്ന് തമിഴ്‌നാട് ആരോപിക്കുന്നു.
മഴ, വെള്ളപ്പൊക്കം എന്നിവയുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ കേരളം മടിക്കുകയാണെന്നും ഹരജിയിൽ പറയുന്നു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി 23 മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി നൽകുമെന്ന് കേരളം ഉറപ്പുനൽകിയിരുന്നു. എന്നാൽ പിന്നീട് കേരളം നിലപാട് മാറ്റി കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും തമിഴ്‌നാട് ചൂണ്ടിക്കാട്ടി. മരം മുറിക്കാനുള്ള അപേക്ഷയിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രിം കോടതി നിർദേശിച്ചിരുന്നെങ്കിലും, കേരളത്തിന്റെ അനുമതിയില്ലാതെ നടപടിയെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചത്.
അതേസമയം, 2014-ലെ സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി 12 വർഷം കഴിഞ്ഞിട്ടും നടപ്പാക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ തമിഴ്‌നാട്, വിധി നടപ്പാക്കാൻ ആവശ്യമായ നിർദേശം കേരളത്തിന് നൽകണമെന്നും ആവശ്യപ്പെട്ടു.

إرسال تعليق