കേരള സര്‍വകലാശാലയില്‍ ഉത്തര കടലാസുകള്‍ കാണാതാകുന്നുന്നത് പതിവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്‌സ് പേപ്പറിന്റെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായെന്ന് അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി വിദ്യാര്‍ഥി പറഞ്ഞു.
പരാതി നല്‍കിയെങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു കേരള സര്‍വകലാശാലയുടെ മറുപടി.
എന്നാല്‍ പുനര്‍മൂല്യനിര്‍ണയത്തിന് നല്‍കിയപ്പോള്‍ 14 മാര്‍ക്ക് കൂടിയെന്ന് വിദ്യാര്‍ഥി പറയുന്നു.
പരീക്ഷയ്ക്ക് 30 പേജോളം എഴുതിയ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ലഭിക്കുന്നത് ചിലപ്പോള്‍ 25 പേജുകളുടെ മാര്‍ക്ക് മാത്രമായിരിക്കുമെന്നും ബാക്കി പേജുകള്‍ എവിടെയെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയാണെന്നും ഇത് പലരുടേയും അനുഭവമാണെന്നും വിദ്യാര്‍ഥികള്‍ ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ കഷ്ടപ്പെട്ട് പഠിച്ച് ഉത്തരമെഴുതിയ കടലാസുകള്‍ യാതൊരു ഉത്തരവാദിത്തവുമില്ലാതെ കൈകാര്യം ചെയ്യുന്നത് വലിയ മാനസിക പ്രയാസമുണ്ടാക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മാര്‍ക്ക് കണക്കുകൂട്ടുന്നതില്‍ ഉള്‍പ്പെടെ ഗുരുതര പിഴവുകള്‍ വരുത്തുന്നത് പതിവാണെന്നും വിദ്യാര്‍ഥികള്‍ ആരോപണം ഉന്നയിക്കുന്നു.
പല വിദ്യാര്‍ഥികള്‍ക്കും പുനര്‍മൂല്യനിര്‍ണയത്തിന് ശേഷം ഇരട്ടിയോളം മാര്‍ക്ക് കൂടുന്നുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പുനര്‍മൂല്യനിര്‍ണയത്തിനും അതിന്റെ റിസള്‍ട്ടിനുമായി കാത്തിരിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ വിലപ്പെട്ട സമയമാണ് നഷ്ടമാകുന്നത്. അഡീഷണല്‍ ഷീറ്റുകള്‍ എങ്ങോട്ടാണ് അപ്രത്യക്ഷമാകുന്നതെന്ന് അന്വേഷിക്കണമെന്നും ഇത്തരം പിഴവുകള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

Post a Comment