കാഠ്മുണ്ഡു:
മിന്നൽ പ്രളയം നൂറുകണക്കിന് ജീവനുകൾ കവർന്ന നേപ്പാളിൽ മണ്ണിലും ചെളിയിലും അകപ്പെട്ട ആറുവയസ്സുകാരിക്ക് മൂന്ന് ദിവസത്തിന് ശേഷം പുതുജീവൻ. രസുവ ജില്ലയിൽ രക്ഷാ പ്രവർത്തനത്തിനിടെയാണ് 60 മണിക്കൂറിലധികം മണ്ണിനടിയിൽ കുടുങ്ങിയ കുട്ടിയെ ജീവനോടെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. വെള്ളപ്പൊക്കം തകർത്തെറിഞ്ഞ പ്രദേശത്ത് മണ്ണിനടിയിൽ നിന്ന് കരച്ചിൽ കേട്ട ആംഡ് പൊലീസ് ഫോഴ്സ് സംഘമാണ് കുട്ടിയെ ജീവനോടെ പുറത്തെടുത്തത്.

കുട്ടിയെ തുടർചികിത്സക്കായി കാഠ്മണ്ഡുവിലേക്ക് മാറ്റി. തിരച്ചിലിനിടെ കരച്ചിൽ കേട്ട പൊലീസ് സംഘം സ്ഥലത്ത് കുഴിയെടുത്ത് മണ്ണിനടിയിൽ നിന്ന് കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. രസുവ ജില്ലയിലെ തിമൂറെ ഭാഗത്താണ് സംഭവം. വെള്ളിയാഴ്ച വൈകീട്ടാണ് മനീഷ എന്ന പെൺകുട്ടിയെ ജീവനോടെ രക്ഷപ്പെടുത്തിയത്. എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആരോഗ്യനില വഷളായതിനെത്തുടർന്ന് വെള്ളിയാഴ്ച തന്നെ കാഠ്മണ്ഡുവിലേക്ക് ഹെലികോപ്റ്റർ വഴി മാറ്റാൻ അധികാരികൾ ശ്രമിച്ചെങ്കിലും ഇരുട്ടും മോശം കാലാവസ്ഥയും കാരണം അത് സാധ്യമായില്ല. ഒടുവിൽ ശനിയാഴ്ച ഉച്ചയോടെ അവളെ നേപ്പാളിലെ തലസ്ഥാനത്തേക്ക് വ്യോമമാർഗ്ഗം എത്തിക്കുകയായിരുന്നു.
പെൺകുട്ടിക്കായുള്ള രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വൈറലായി.ഹിമപാളി അടർന്നുവീണതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നേപ്പാളിൽ 669 പേരുടെയും ടിബറ്റിൽ 7 പേരും മരിച്ചെന്നാണ് ഇതുവരെയുള്ള കണക്ക്. കൂടാതെ വീടുകൾ, പാലങ്ങൾ, റോഡുകൾ, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തകർക്കുകയും ചെയ്തു.

നേപ്പാളിലും ടിബറ്റിലുമായി ഏകദേശം 3,000 ആളുകളെ കാണാതായിട്ടുണ്ട്. ഇതിൽ നേപ്പാളിൽ 2,426 പേരും ടിബറ്റിലെ ഗ്യോറോംഗ് കൗണ്ടിയിൽ 554 പേരും ഉൾപ്പെടുന്നു. കൈലാഷ് മാനസരോവർ യാത്ര നടത്തിയ ഇന്ത്യൻ തീർത്ഥാടകരും കാണാതായവരിൽ ഉൾപ്പെടും.

മഴയും മൂടൽമഞ്ഞും, നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപം വെള്ളപ്പൊക്കം മൂലം രൂപപ്പെട്ട തടാകം കവിഞ്ഞൊഴുകുമെന്ന ആശങ്കയും കാരണം രക്ഷാപ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടിരുന്നു. തുടർന്ന് കാലാവസ്ഥ മെച്ചപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച രക്ഷാപ്രവർത്തനം പുനരാരംഭിച്ചിരിക്കുകയാണ്.

Post a Comment

أحدث أقدم