കൽപ്പറ്റ : കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന്‌ നിർത്തിവച്ച വയനാട്‌ തുരങ്കപാത നിർമാണം പുനരാരംഭിക്കാൻ നടപടിയില്ല. മണ്ണിടിഞ്ഞിട്ട്‌ തിങ്കളാഴ്‌ച രണ്ടുമാസം പൂർത്തിയായിട്ടും സർക്കാർ നിയമിച്ച വിദഗ്ധ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചിട്ടില്ല.

 ഒരുമാസത്തിനകം റിപ്പോർട്ട്‌ നൽകണമെന്ന നിർദേശത്തോടെ ജൂലൈ 10നാണ്‌ വിദഗ്ധ സമിതി രൂപീകരിച്ചത്‌. റവന്യുവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന കെ ജീവൻ ബാബുവായിരുന്നു സമിതി കൺവീനർ. ജൂലൈ 23ന്‌ സമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു.

 പിന്നീട്‌ ജീവൻ ബാബുവിനെ സർക്കാർ സ്‌പെഷ്യൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. ഇതും റിപ്പോർട്ട്‌ വൈകാൻ കാരണമായി. ചില കാര്യങ്ങളിൽ വ്യക്തതതേടി സമിതി സർക്കാരിന്‌ കത്തെഴുതിയിട്ടും മറുപടി നൽകിയിട്ടില്ല.

തുരങ്കപാതയെ ശക്തമായി എതിർക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി ഡി സതീശന്റെ നിലപാട്‌. എതിർപ്പ്‌ തള്ളിയാണ്‌ എൽഡിഎഫ്‌ സർക്കാർ വയനാട്‌–കോഴിക്കോട്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ–-കള്ളാടി–-മേപ്പാടി തുരങ്കപാതയുടെ നിർമാണം ആരംഭിച്ചത്‌.

 കള്ളാടിയിലും ആനക്കാംപൊയിൽ ഭാഗത്തും ഒരേസമയം നിർമാണം തുടങ്ങി.


കേരളത്തിന്റെ സ്വപ്‌നപദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള ഇടപെടൽ രണ്ടുമാസമായിട്ടുമില്ല.

 താമരശേരി ചുരത്തിൽ രാപകൽ ഗതാഗതക്കുരുക്കാണ്‌. ചുരത്തിലെ ഗതാഗതപ്രശ്‌നത്തിന്‌ പരഹാരമായിട്ട്‌ വിഭാവനംചെയ്ത പദ്ധതിയാണ്‌ തുരങ്കപാത.

ചികിത്സാസഹായം നൽകിയില്ല

കള്ളാടി മണ്ണിടിച്ചിലിൽ പരിക്കേറ്റവർക്കുള്ള ചികിത്സാസഹായം സർക്കാർ നൽകിയില്ല. ഏഴ്‌ അതിഥി തൊഴിലാളികൾ ഉൾപ്പെടെ ഒന്പത്‌ പേർക്കാണ്‌ പരിക്കേറ്റത്‌. പരിക്കേറ്റവർക്ക്‌ രണ്ടുലക്ഷം രൂപ വീതം നൽകുമെന്നും ആശുപത്രികളിലെ ചികിത്സാചെലവ്‌ വഹിക്കുമെന്നുമായിരുന്നു സർക്കാർ പ്രഖ്യാപനം. 25,000 രൂപ വീതമാണ്‌ പിന്നീട്‌ അനുവദിച്ചത്‌. ഇത്‌ പലർക്കും ലഭിച്ചില്ല. ആശുപത്രി ബില്ലും അടച്ചിട്ടില്ല. പണം നൽകാത്തതിനാൽ ആശുപത്രികളിൽനിന്ന്‌ തങ്ങളെ നിരന്തരം വിളിക്കുകയാണെന്ന്‌ പരിക്കേറ്റവർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മധ്യപ്രദേശ്‌ സ്വദേശി ദിലീപി (19)ന്റെ വലതുകാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടിവന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ദിലീപിന്‌ ഇതിനകം 20 ലക്ഷത്തോളം രൂപ ബില്ലായി. സർക്കാർ പണം നൽകുമെന്ന്‌ പറഞ്ഞതിനാൽ തുരങ്കപാത നിർമാണ കന്പനിയും തുക നൽകാൻ തയ്യാറായിട്ടില്ല.

 

Post a Comment

أحدث أقدم