തിരുവനന്തപുരം: ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാകും. സംസ്ഥാനത്ത് ഏതാണ്ട് ആറുലക്ഷത്തോളം കാർഡുകളാണ് ഇതിൽ ഉൾപ്പെടുക. റേഷൻ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്ന കേന്ദ്രസർക്കാറിന്റെ സ്മാർട്ട് പിഡിഎസ് പദ്ധതി അടുത്ത മാസം നടപ്പാക്കുന്നതോടെയാണ് കാർഡുകളുടെ അംഗീകാരം നഷ്ടമാകുന്നത്. കേരളത്തിൽ ഈ കാർഡുകളിൽ 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളാണുള്ളത്.
കാർഡ് അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും താഴെത്തട്ടിൽവരെ വിതരണം പൂർണമായി കേന്ദ്രം നിരീക്ഷിക്കുകയും ചെയ്യുന്നതാണ് സ്മാർട്ട് പിഡിഎസ് (സ്‌കീം ഫോർ മോഡണൈസേഷൻ ആൻഡ് റിഫോംസ് ഡിസ്ട്രിബ്യൂഷൻ സിസ്‌റ്റം). 2024ലാണ് കേരളം ധാരണാപത്രം ഒപ്പിട്ടത്.
ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് എന്നീ വിഭാഗങ്ങളിലെ മുൻഗണനാ കാർഡുകളിലാണ് പദ്ധതി നടപ്പാക്കുക.
ആറുമാസമായി റേഷൻ വാങ്ങാത്തവർക്ക് എതിരെയാകും കർശന നടപടി. മഞ്ഞ, പിങ്ക് വിഭാഗത്തിൽ ഏകദേശം 45,000 കാർഡുകളും 66,000 ഗുണഭോക്താക്കളുമാണുള്ളത്. നീല, വെള്ള, ബ്രൗൺ മുൻഗണന ഇതര വിഭാഗത്തിൽ 5.6 ലക്ഷത്തിലേറെ കാർഡുകളും 15 ലക്ഷത്തിലേറെ ഗുണഭോക്താക്കളുമുണ്ട്
കാർഡുകൾ മരവിപ്പിച്ചാൽ . എന്തുചെയ്യണം?
കാർഡുകൾ മരവിപ്പിച്ചാൽ മൂന്നുമാസത്തിനകം കാർഡിലെ മുഴുവൻ അംഗങ്ങളും ഇ-കെവൈസി പൂർത്തിയാക്കണം. അല്ലെങ്കിൽ ഈ കാർഡുകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇ-കെവൈസി പൂർത്തിയാക്കിയാൽ റേഷൻ വിതരണം പുനരാരംഭിക്കും. ഒരേ വ്യക്തി രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്തിലെ റേഷൻ കാർഡിൽ അംഗമായാലും കണ്ടെത്തും. ഇവരുടെ കാർഡും മരവിപ്പിക്കും. ഇവർ മൂന്നുമാസത്തിനകം ഇ -കെവൈസി പൂർത്തിയാക്കി, ഒരു റേഷൻ കാർഡിൽ മാത്രം പേര് നിലനിർത്തി മറ്റുള്ളവയിൽനിന്ന് ഒഴിവാക്കണം.

إرسال تعليق