ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി പുറത്തിറക്കിയ കരട് വോട്ടര്‍പട്ടികയില്‍ 47.7 ലക്ഷം പേര്‍ പുറത്ത്. 1.45 കോടി വോട്ടര്‍മാരുണ്ടായിരുന്ന പട്ടികയില്‍ നിന്നാണ് 47.7 ലക്ഷം പേരെ വെട്ടിയത്. ആകെ വോട്ടര്‍മാരുടെ മൂന്നിലൊന്ന് വരുമിത്. പരാതിയുള്ളവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ അപ്പീല്‍ നല്‍കാം. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ നാലിന് പ്രസിദ്ധീകരിക്കും.

എസ്‌ഐആര്‍ നടപടിയുടെ ഭാഗമായി വീടുതോറുമുള്ള പരിശോധനയില്‍ 97.5 ലക്ഷം വോട്ടര്‍മാരുടെ എന്യൂമറേഷന്‍ ഫോമുകളാണ് ശേഖരിച്ച് ഡിജിറ്റൈസ് ചെയ്തത്. ആകെ വോട്ടര്‍മാരുടെ 67.18 ശതമാനമാണിത്. ബാക്കിയുള്ളവരെ കാണാനില്ലാത്തവര്‍, സ്ഥലംമാറിപ്പോയവര്‍, അന്തരിച്ചവര്‍, ആവര്‍ത്തിച്ചവര്‍, മറ്റുള്ളവര്‍ എന്നീ വിഭാഗങ്ങളിലാണ് ഉള്‍പ്പെടുത്തിയത്.

കരട് പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ പരാതികള്‍ നല്‍കാം. ഇതിനായി ഫോം 6, ഡിക്ലറേഷന്‍ ഫോം, ആവശ്യമായ രേഖകള്‍ എന്നിവ സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് അധികൃതര്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് കരട് പട്ടികയില്‍ സ്വന്തം പേര് ഓണ്‍ലൈനായി പരിശോധിക്കാം. വോട്ടര്‍ എപിക് നമ്പര്‍, വ്യക്തിഗത വിവരങ്ങള്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ സെര്‍ച്ച് പോര്‍ട്ടലില്‍ പരിശോധിക്കാനുള്ള സൗകര്യമുണ്ട്.

Post a Comment

Previous Post Next Post