തിരുവമ്പാടി:
പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി കേന്ദ്ര, വനം, പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് വിജ്ഞാപനം കേരളത്തിലെ മലയോര മേഖലയിലെ കർഷകരെ മുഴുവൻ ആശങ്കപ്പെടുത്തുന്ന വിധത്തിലാണ്. അതുകൊണ്ട് പരിസ്ഥിതി-ലോല മേഖല നിശ്ചയിച്ചു കൊണ്ട് അന്തിമ വിജ്ഞാപനം വരുമ്പോൾ നിലവിലുള്ള കൃഷിയിടങ്ങളിലും, ജനവാസ മേഖലകളിലും യാതൊരു വിധ നിയന്ത്രണവും വരുവാൻ പാടില്ലെന്നും, ഇ.എസ്.എ. വനത്തിനുള്ളിൽ തന്നെ നിജപ്പെടുത്തണമെന്നും, കരട് വിഞാപനങ്ങളും അന്തിമ വിജ്ഞാപനവും വരുമ്പോൾ അതും അതാത് പ്രാദേശിക ഭാഷകളിൽ പ്രസിദ്ധപ്പെടുത്തണമെന്നും തിരുവമ്പാടി നിയോജകമണ്ഡലം കർഷക കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. രാസവളത്തിന്റെ ലഭ്യതക്കുറവും, വില വർധനവും കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾക്ക് ഉത്തമ ഉദാഹരണമാണ്. പൊട്ടാഷ്, യൂറിയ തുടങ്ങിയ രാസവളങ്ങളുടെ ക്ഷാമം പരിഹരിക്കുന്നതിനും, വില കുറക്കുന്നതിനും കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ കർഷക നടപടികളിൽ പ്രതിഷേധിക്കുന്നതിന് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടക്കുന്ന ധർണ്ണ സമരത്തിൽ 500 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
കർഷക കോൺഗ്രസ് നേതൃയോഗം കോഴിക്കോട് ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തമ്പി പറകണ്ടത്തിലിന്റെ അധ്യക്ഷതയിൽ നടന്ന നേതൃയോഗത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ് എ.എസ്. ജോസ്, റോബർട്ട് നെല്ലിക്കതെരുവിൽ, ജുബിൻ മണ്ണുക്കുശുമ്പിൽ, ഷിജു ചെമ്പനാനി, സജോ പടിഞ്ഞാറേക്കൂറ്റ്, അനീഷ് പനച്ചിയിൽ, വിനോദ് ചെങ്ങളംതൊടികയിൽ, ഫ്രാൻസിസ് മൂക്കിലക്കാട്ട്, ബേബി കളപ്പുരയിൽ, ജോർജ് വലിയകട്ടയിൽ പ്രസംഗിച്ചു.

إرسال تعليق