കരിപ്പൂർ: ഹജ് കമ്മിറ്റി മുഖേന അടുത്ത ഹജ്ജിന് തീർഥാടകരെ കൊണ്ടുപോകുന്നതിനുള്ള വിമാനക്കമ്പനികളുടെ ടെൻഡർ നടപടി പൂർത്തിയായി. കേരളത്തിൽ കൂടിയ യാത്രാനിരക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ്. എങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കരിപ്പൂരിൽ കാര്യമായ വർധനയില്ല. ഒരു തീർഥാടകനെ സൗദിയിലേക്കും ഹജ് കർമം കഴിഞ്ഞു സൗദിയിൽനിന്ന് നാട്ടിലേക്കും എത്തിക്കുന്നതിനുള്ള യാത്രാനിരക്കാണ് കേന്ദ്ര ഹജ് കമ്മിറ്റി നിശ്ചയിച്ചത്.
കേരളത്തിലെ വിമാനത്താവളങ്ങളിലെ നിരക്കുകൾ ഇങ്ങനെ:
കൊച്ചി വിമാനത്താവളം വഴി ഒരു തീർഥാടകന് 930 ഡോളർ. ഒരു ഡോളറിന് ഏകദേശം 95 രൂപ കണക്കാക്കിയാൽ 88,350 രൂപ. കോഴിക്കോട് വഴി 1010 ഡോളർ (ഏകദേശം 95,950 രൂപ), കണ്ണൂർ 969 ഡോളർ (ഏകദേശം 92,055 രൂപ). അതായത് കൊച്ചിയുമായി താരതമ്യപ്പെടുത്തുമ്പോൾ, 80 ഡോളറിന്റെയും (ഏകദേശം 7600 രൂപ) കണ്ണൂർ വിമാനത്താവളവുമായി താരതമ്യപ്പെടുത്തുമ്പോൾ 39 ഡോളറിന്റെയും (ഏകദേശം 3700 രൂപ) വർധന മാത്രം. യാത്രാ നിരക്ക് ഡോളർ അടിസ്ഥാനത്തിൽ ആയതിനാൽ രൂപയുടെ മൂല്യം കണക്കാക്കി പിന്നീട് തുക നിശ്ചയിക്കുമ്പോൾ ചെറിയ മാറ്റമുണ്ടാകാം.
കഴിഞ്ഞ ഹജ് തീർഥാടനത്തിന് കൊച്ചിയുമായി താരതമ്യപ്പെടുത്തുമ്പോൾ കോഴിക്കോട് ഏകദേശം 20,000 രൂപയുടെ വർധനയുണ്ടായിരുന്നു. കൊച്ചി 989 ഡോളർ, കോഴിക്കോട് 1210 ഡോളർ, കണ്ണൂർ 1012 ഡോളർ എന്നിങ്ങനെയായിരുന്നു നിരക്ക്. 2025ൽ 40,000 രൂപയായിരുന്നു കരിപ്പൂരിൽ കൂടുതൽ. അതനുസരിച്ച് ആശ്വാസ നിരക്കാണ് ഇത്തവണത്തേത്.
ഹജ് കമ്മിറ്റി മുഖേന രാജ്യത്തെ ഹജ് തീർഥാടകരെ കൊണ്ടുപോകുന്നതിനുള്ള വിമാനക്കമ്പനികളെ നിശ്ചയിച്ചു. കേരളത്തിൽ 3 വിമാനത്താവളങ്ങൾ ഉൾപ്പെടെ രാജ്യത്തെ 19 വിമാനത്താവളങ്ങൾ വഴി 1.23 ലക്ഷം തീർഥാടകരുടെ യാത്രയ്ക്കുള്ള വിമാനക്കമ്പനികളെയാണു ഹജ് ടെൻഡർ അനുസരിച്ച് തീരുമാനിച്ചത്. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽനിന്ന് തീർഥാടകരെ കൊണ്ടുപോകുന്നതിനുള്ള ടെൻഡർ എയർ ഇന്ത്യ എക്സ്പ്രസിനാണ് ലഭിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഫ്ലൈ അദീൽ വിമാനക്കമ്പനിക്കും. തീർഥാടകരെ സൗദിയിലേക്കും തിരിച്ചും കൊണ്ടുപോകുന്നതിനാണു കരാർ. ഇക്കഴിഞ്ഞ ഹജ് തീർഥാടനത്തിന് ആകാശ എയർ (കോഴിക്കോട്), ഫ്ലൈ നാസ് (കൊച്ചി), ഫ്ലൈ അദീൽ (കണ്ണൂർ) എന്നിവയായിരുന്നു സർവീസ് നടത്തിയിരുന്നത്.

إرسال تعليق