ബത്തേരി: കുറിച്യാട് വനത്തിൽ സ്‌ത്രീയുടെ മൃതദേഹ ഭാഗങ്ങൾ ജീർണിച്ചനിലയിൽ കണ്ടെത്തി. വ്യാഴം രാവിലെ പള്ളിവയൽ പുക്കക്കൊല്ലി ഭാഗത്ത് വനത്തിൽ കന്നുകാലി മേയ്‌ക്കുന്നവരാണ് മൃതദേഹഭാഗങ്ങൾ കണ്ടത്. സ്ഥലത്തെത്തിയ ബത്തേരി പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി തുടർ പരിശോധനക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞ ജൂലൈ 30ന് വടക്കനാട് പള്ളിവയൽ വെള്ളക്കെട്ട് ഉന്നതിയിലെ തങ്കി (80)യെ കാണാതായിരുന്നു. മൃതദേഹം കണ്ട പ്രദേശത്തുനിന്ന് ഉന്നതിയിലേക്ക് രണ്ട് കിലോമീറ്റർ മാത്രമാണുള്ളത്. മൃതദേഹത്തിൽനിന്ന് 30 മീറ്റർ മാറി ബ്ലൗസ്, പാവാട, മേൽമുണ്ട് എന്നിവയുണ്ടായിരുന്നു. എന്നാൽ, മൃതദേഹഭാഗവും വസ്‌ത്രങ്ങളും തങ്കിയുടെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി ഡിഎൻഎ പരിശോധനയടക്കം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്‌പെക്ടർ എ എസ് അജീഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.
തങ്കിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് വനംവകുപ്പിന്റെ സഹകരണത്തോടെ പ്രദേശത്ത് മൂന്ന് ദിവസം തിരച്ചിൽ നടത്തിയിരുന്നു. കടാവർ നായയെയും ഡ്രോണും ഉപയോഗിച്ചും തിരഞ്ഞുവെങ്കിലും തങ്കിയെ കണ്ടെത്താനായില്ല. ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യംചെയ്‌തിരുന്നു. മകളുടെ മകൻ സുധീഷി (28)നെ പൊലീസ് ചോദ്യം ചെയ്‌തതിനുശേഷം കാണാതാവുകയും രണ്ട് ദിവസത്തിനുശേഷം വനത്തിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുംചെയ്‌തിരുന്നു.

Post a Comment