കുമളി: കെ.എസ്.ആർ.ടി.സിയുടെ സ്ത്രീ സൗജന്യ യാത്ര ബസിൽ യാത്രക്കാർ നിറഞ്ഞതോടെ പരാതിയുമായി വനിത കണ്ടക്ടർ രംഗത്ത്. കണ്ടക്ടർ പരാതി പറയുന്നതിനിടെ ഡബിൾ ബെല്ലടിച്ചതോടെ നീങ്ങിയ ബസിനെ ഓട്ടോയിൽ പിന്തുടർന്ന് കണ്ടക്ടർ. കുമളി ഡിപ്പോയിലാണ് ശനിയാഴ്ച രാവിലെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

രാവിലെ 6.20ന് ഉപ്പുതറക്ക് പോകുന്ന പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസിലാണ് സൗജന്യ യാത്രക്കാർ നിറഞ്ഞത്. തമിഴ്നാട്ടിൽനിന്നുള്ള സ്ത്രീ തൊഴിലാളികൾ 80ലധികം പേർ ബസിൽ കയറിയതോടെ, ഡ്യൂട്ടി ചെയ്യാനാവില്ലന്ന പരാതിയുമായി കണ്ടക്ടർ ഓഫിസിലെത്തി. ഇതിനിടെ, യാത്രക്കാർ ഡബിൾബെൽ കൊടുത്തതോടെ കണ്ടക്ടർ ഇല്ലെന്നറിയാതെ ഡ്രൈവർ ബസുമായി നീങ്ങി. രണ്ടു കിലോമീറ്ററിലധികം ഓട്ടോയിൽ പിന്തുടർന്നെത്തിയാണ് കണ്ടക്ടർക്ക് ബസിൽ കയറാനായത്.



ഉപ്പുതറയിൽ പോയി കുമളിയിൽ മടങ്ങിയെത്തിയ ബസിൽനിന്നും അധികൃതരോട് പറയാതെ വീട്ടിലേക്ക് പോയ വനിത കണ്ടക്ടർ മൊബൈൽ സ്വിച്ച് ഓഫ് ആക്കി വെച്ച് 12.20ന്റെ ട്രിപ്പ് മുടക്കിച്ചാണ് കെ.എസ്.ആർ.ടി.സിക്ക് പണി കൊടുത്തത്. ഉച്ചക്കുള്ള ട്രിപ്പിനായി ബസിൽ സൗജന്യ യാത്രക്കാർ കയറിയെങ്കിലും കണ്ടക്ടർ ഇല്ലാത്തതിനാൽ സൗജന്യ യാത്രക്കാർക്ക് പിന്നീട് മറ്റു ബസുകളെ ആശ്രയിച്ച് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടി വന്നു. 

വനിത കണ്ടക്ടറുടെ നടപടി വിവാദമായതോടെ ഇതു സംബന്ധിച്ച് കെ.എസ്.ആർ.ടി.സി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Post a Comment

أحدث أقدم