തിരുവമ്പാടി:
കേന്ദ്ര സർക്കാരിൻ്റെ ഏഴാമത് പരിസ്ഥിതി ലോല മേഖലയുടെ കരട് വിജ്ഞാപനത്തിലും കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി അടക്കമുള്ള തിരുവമ്പാടി മണ്ഡലത്തിലെ ജനവാസ മേഖലകൾ ഉൾപ്പെട്ടിരിക്കുയാണ്. ഈ വില്ലേജുകളിലെ ജനവാസ മേഖലകൾ പൂർണ്ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്കുള്ള ഭീമഹർജിയിൽ ഇ എസ് എ പരിധിയിൽ വരുന്ന പതിനായിരം ആളുകളുടെ ഒപ്പ് ശേഖരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കർഷക സംഘം ജില്ല ജോയിൻ്റ് സെക്രട്ടറി ലിൻ്റോ ജോസഫ് നിർവഹിച്ചു.

കെഡസ്ട്രൽ മാപ്പിംഗ്, ജി.ഐ.എസ്/കെ.എം.എൽ (GIS/KML) വിശകലനം, ഉപഗ്രഹ ചിത്രങ്ങൾ, ഫീൽഡ് പരിശോധന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും വനം വകുപ്പുമായും നടത്തിയ കൂടിയാലോചനകൾ എന്നിവയ്ക്ക് ശേഷമാണ് 2024 നവംബർ 2-ന് കേരള സർക്കാർ അന്തിമ ശുപാർശ കേന്ദ്രത്തിന് സമർപ്പിച്ചത്. തുടർന്ന്, 2026 ഫെബ്രുവരി 1-ന് കേന്ദ്രം ആവശ്യപ്പെട്ട അധിക വിവരങ്ങളും സംസ്ഥാനം നൽകിയിരുന്നു. 98 വില്ലേജുകളിൽ ഉൾപ്പെടുന്ന 8,590.69 ചതുരശ്ര കിലോമീറ്ററാക്കി ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കി കേരളത്തിലെ പരിസ്ഥിതി ലോല മേഖലയുടെ വിസ്തൃതി പരിമിതപ്പെടുത്തുന്നതായിരുന്നു സംസ്ഥാനത്തിന്റെ അന്തിമ ശുപാർശ. എന്നാൽ ഇത് അവഗണിച്ച്, മുൻപുണ്ടായിരുന്ന 9,993.7 ചതുരശ്ര കിലോമീറ്റർ തന്നെ നിലനിർത്തിയാണ് പുതിയ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ആവാസവ്യവസ്ഥയുടെ സംരക്ഷണം മാത്രമല്ല, മലയോര ജനതയുടെ അവകാശങ്ങൾ, ആവശ്യങ്ങൾ, വികസന അഭിലാഷങ്ങൾ എന്നിവ കണക്കിലെടുത്ത്, കേരളം ഉൾപ്പെടെയുള്ള ആറ് പശ്ചിമഘട്ട സംസ്ഥാനങ്ങളുടെ ആശങ്കകളും നിർദേശങ്ങളും പരിശോധിച്ചു വരികയാണെന്ന് 2026 ജൂലൈ 23-ന് പാർലമെന്റിൽ മറുപടി പറഞ്ഞ മന്ത്രാലയം,വെറും നാല് ദിവസത്തിന് ശേഷം ജൂലൈ 27ന് പഴയ കണക്കായ 9,993.7 ചതുരശ്ര കിലോമീറ്റർ നിലനിർത്തി പുതിയ കരട് വിജ്ഞാപനം ഇറക്കിയ കേന്ദ്ര നിലപാട് തികച്ചും പ്രതിഷേധാർഹമാണ്.

  കേരള കർഷക സംഘം തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ഒപ്പ് ശേഖരണ പരിപാടിയിൽ നൂറ് കണക്കിന് ആളുകൾ ഒപ്പിട്ടു. സംസ്ഥാന സർക്കാരും, MP, MLA ഉൾപ്പെടെയുള്ള ജനപ്രധിനിധികളും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ഈ പ്രശ്നത്തെ ഗൗരവ്വമായി കണ്ട് ജനകീയ പ്രതിഷേധത്തിന് നേതൃത്ത്വപരമായ പങ്ക് വഹിക്കണമെന്ന് കർഷക സംഘം ആവശ്യപ്പെട്ടു. ആദ്യകാലത്ത് ഉയർന്ന് വന്നത് പോലെ ശക്തമായ പ്രതിഷേധ പരിപാടി എല്ലാവിഭാഗം ജനങ്ങളും ഒത്ത് ചേർന്ന് സംഘടിപ്പിക്കണം.
യോഗത്തിൽ സി ഗണേഷ് ബാബു അധ്യക്ഷത  വഹിച്ചു. സി എൻ പുരുഷോത്തമൻ, സജി ഫിലിപ്പ് , മുഹമ്മദ് കാളിയേടത്ത് , സ്വരാജ് വി കെ ,ബെന്നി ആനക്കല്ലേൽ, ഗീത വിനോദ് ,ഫിറോസ് ഖാൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم