തൃശൂർ: വായിൽ ബാധിച്ച അർബുദം ഗുരുതരമായി ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയിലെത്തിയതിനെ തുടർന്ന് ‘നന്ദു’ എന്ന ആൺകടുവയ്ക്ക് ദയാവധം. വയനാട് വനമേഖലയിൽനിന്ന് രക്ഷപ്പെടുത്തി തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ പാർപ്പിച്ചിരുന്ന കടുവയാണിത്.


വായിലെ അർബുദത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു നന്ദു കടുവ. രോഗം മൂർച്ഛിച്ചതോടെ ഭക്ഷണം കഴിക്കാൻ പറ്റാതെയാവുകയും കടുത്ത വേദന അനുഭവിക്കുകയും ചെയ്തു. ചികിത്സ തുടരുന്നതുകൊണ്ട് ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് മൃഗഡോക്ടർമാർ വിലയിരുത്തിയതോടെയാണ് ദയാവധം പരിഗണിച്ചത്.


വിദഗ്ധരുടെ അഭിപ്രായം പരിശോധിച്ച ശേഷം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ദയാവധത്തിന് അനുമതി നൽകി. കടുവയുടെ വേദന നീട്ടിക്കൊണ്ടുപോകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ദയാവധത്തിന് ശേഷം മണ്ണുത്തിയിലെ വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ്മോർട്ടം നടത്തി.


തുടർന്ന് പുത്തൂർ സുവോളജിക്കൽ പാർക്ക് വളപ്പിൽ തന്നെ മൃതദേഹം സംസ്കരിച്ചു. വയനാട്ടിൽനിന്ന് രക്ഷപ്പെടുത്തിയ ശേഷം പുത്തൂരിലെത്തിച്ച നന്ദുവിന് മൃഗഡോക്ടർമാരുടെ നിരന്തര പരിചരണം നൽകിയിരുന്നെങ്കിലും അർബുദം ഗുരുതരമായതോടെ ചികിത്സ ഫലപ്രദമാകാതെ വരികയായിരുന്നു. ആരോഗ്യനില പൂർണമായി മോശമായതോടെയാണ് ഒടുവിൽ ദയാവധത്തിന് തീരുമാനിച്ചത്.



Post a Comment

Previous Post Next Post