വൈത്തിരി : വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്കിടിയിലെ പ്രവേശന കവാടത്തിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ ഉപവാസ സമരം നടക്കും.
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, ചുരത്തിലെ നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുക,
ചിപ്പിലിത്തോട്- മരുതിലാവ്- തളിപ്പുഴ നാലുവരി പാതയായി വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
പൂഴിത്തോട്- പടിഞ്ഞാറത്തറ റോഡും തുരങ്കപ്പാതയും ഉടൻ പൂർത്തിയാക്കണമെന്നും വ്യാപാരി വ്യവസായി ആവശ്യപ്പെടുന്നു. കൊടുവള്ളി, താമരശ്ശേരി, ചുരം, മീനങ്ങാടി, ബത്തേരി എന്നിവിടങ്ങളിൽ ബൈപ്പാസുകൾ നിർമിച്ച് ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള നടപടികളും നിലവിൽ പ്രതിസന്ധിയിലാണ്.
പദ്ധതിയുടെ ഡി പി ആർ തയ്യാറാക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ എച്ച് എ ഐ) ടെൻഡർ നടപടികൾ തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
ഡി പി ആർ വൈകുന്നതിലും പദ്ധതികൾ അനന്തമായി നീളുന്നതിലും പ്രതിഷേധിച്ചാണ് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി ലക്കിടിയിൽ ഉപരോധം സംഘടിപ്പിക്കുന്നത്.

Post a Comment